തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. സമ്മേളനത്തിൽ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്ത ശേഷം എ കെ ജി സെൻ്ററിൽ ചേരുന്ന ആദ്യ യോഗമാണിത്. പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ ചർച്ചയാണ് പ്രധാന അജണ്ട. അംഗങ്ങൾക്ക് നിർദേശങ്ങൾ നൽകാം. സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് പുതിയ ചുമതലകൾ, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിത്വം തുടങ്ങിയ വിഷയങ്ങളിൽ ഇന്ന് ഒരു തീരുമാനം ഉണ്ടായേക്കില്ല.കൊവിഡ് സാഹചര്യവും യുക്രൈൻ രക്ഷാദൗത്യവും വിലയിരുത്താൻ ഇന്ന് മന്ത്രിസഭ ചേരുന്നുമുണ്ട്. വിദ്യാർത്ഥികളുടെ മടക്കത്തിൽ നോർക്ക വഴി മികച്ച പ്രവർത്തനം നടത്തിയെന്നാണ് സർക്കാർ വിലയിരുത്തൽ. കാബിനെറ്റിന് ശേഷം വൈകീട്ട് ക്ളിഫ് ഹൗസിൽ സൗഹൃദ കാബിനെറ്റ് ചേരും. വൈകീട്ട് ആറു മുതൽ ഏഴ് വരെയാണ് പരസ്പര ബന്ധം മെച്ചപ്പെടുത്താനുള്ള കൂടിച്ചേരൽ. എല്ലാ മാസവും ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വൈകീട്ടുള്ള സൗഹൃദ കൂടിച്ചേരൽ തുടരാനാണ് തീരുമാനം.