///
14 മിനിറ്റ് വായിച്ചു

സി പി എം തലശേരി ഏരിയാ കമ്മിറ്റിയംഗം സി പി കുഞ്ഞിരാമൻ അന്തരിച്ചു ; ആദരസൂചകമായി തലശേരിയിൽ നാളെ കടകളടച്ച് ഹർത്താൽ

സിപിഎം തലശേരി ഏരിയകമ്മിറ്റി അംഗവും, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ്‌ മുൻ ചെയർമാനുമായ മുഴപ്പിലങ്ങാട്‌ കെട്ടിനകം ബീച്ച്‌ സമുദ്രയിൽ സി പി കുഞ്ഞിരാമൻ (74) അന്തരിച്ചു. തലശേരി കോ–ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ ഞായർ വൈകിട്ട്‌ 6.55നാണ്‌ അന്ത്യം. തലച്ചോറിലെ രക്തസ്രവത്തെ തുടർന്ന്‌ വെള്ളിയാഴ്‌ച രാവിലെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ശസ്‌ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

മത്സ്യതൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റും, മത്സ്യഫെഡ്‌ മുൻ ഡയരക്‌ടറും തലശേരിനഗരസഭ ആരോഗ്യ–-വിദ്യാഭ്യാസ സ്ഥിരം സമിതി മുൻ അധ്യക്ഷനുമാണ്‌. ഗോപാലപ്പേട്ടയിൽനിന്നാണ്‌ കൗൺസിലറായത്‌. 1968ൽ സിപിഎം അംഗമായി. 1978ൽ അവിഭക്ത തലശേരി ഏരിയകമ്മിറ്റി അംഗമായി. സിപിഎം തലശേരി ടൗൺ ലോക്കൽ സെക്രട്ടറി, മത്സ്യതൊഴിലാളിയൂനിയൻ ജില്ല സെക്രട്ടറി, പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, അഖിലേന്ത്യാകമ്മി്റ്റി അംഗം, കുറിച്ചിയിൽ പാലിശേരി മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചു.

തലശേരി ചുമട്ട്തൊഴിലാളി യൂനിയൻ പ്രസിഡന്റാണ്‌. ഒമ്പതാം വയസിൽ ബീഡിതൊഴിലാളിയായാണ്‌ ജീവിതം തുടങ്ങിയത്‌. സംസ്ഥാനത്തെ മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ ക്ഷേമത്തിനും ജീവിതാന്ത്യം വരെ പ്രവർത്തിച്ചു. തലശേരി കലാപകാലത്ത്‌ സമാധാനസംരക്ഷണത്തിനുള്ള വളണ്ടിയറായിരുന്നു. അടിയന്തരാവസ്ഥയിൽ നിരോധനംലംഘിച്ചുള്ളപ്രകടനത്തിനിടെ ഭീകര മർദനമേറ്റു.സമരവും ജയിലും ലോക്കപ്പ്‌ മർദനവുമെല്ലാം അനുഭവിച്ചതായിരുന്നു പൊതുജീവിതം.

ഗോപാലപ്പേട്ടയിലെ ചെറിയപുരയിൽ പരേതരായ അമ്പാടി–-ദേവകി ദമ്പതികളുടെ മകനാണ്‌. ഭാര്യ: വിപിന (തലശേരി പബ്ലിക്‌ സർവന്റ്‌സ്‌ ബാങ്ക്‌ റിട്ട.ജീവനക്കാരി). മക്കൾ: ദിമിത്രോവ്‌, ഡാനിയൽ (മത്സ്യതൊഴിലാളി), പരേതനായ ലെനിൻ. മരുമക്കൾ: നിഷ, ദിവ്യ (തലശേരി കോ–-ഓപ്പറേറ്റീവ്‌ റൂറൽബാങ്ക്‌). സഹോദരങ്ങൾ: രേവതി, പരേതരായ ലക്ഷ്‌മണൻ, ഗോപാലൻ, നാണി, കൗസു, കൃഷ്‌ണൻ.

കാലത്തു 8 മണി മുതൽ 9:30 വരെ മുഴപ്പിലങ്ങാടുള്ള വസതിയിലും
10 മണി മുതൽ 11:30 മണി വരെ സി പി എം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലും, 11:45 മുതൽ ഗോപാൽപെട്ട അച്യുതൻ സ്മാരക വായനശാലക്കു മുൻവശവും പൊതുദർശനത്തിനു വെക്കും. ഉച്ചക്ക് 1 മണിക്ക് ഗോപാലപ്പെട്ട ശ്‌മശാനത്തിൽ സംസ്കരിക്കും.

ആദര സൂചകമായി തിരുവങ്ങാട് ,തലശ്ശേരി വില്ലേജുകളിൽ കാലത്തു 10 മണി മുതൽ 1 മണി വരെ കടകൾ അടച്ചു ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു. ഹർത്താലിൽ നിന്നും ഹോട്ടൽ, മെഡിക്കൽ ഷോപ്പ്, പാൽ വിതരണം എന്നിവയെ ഒഴിവാക്കുന്നതിനും തീരുമാനിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version