9 മിനിറ്റ് വായിച്ചു

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ നിർണായക പങ്ക് ; ചോദ്യങ്ങളിൽ പതറി സുധാകരൻ

കൊച്ചി> കെ സുധാകരൻ എംപി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പന്ത്രണ്ടിലേറെ തവണ സന്ദർശിച്ചതായി തെളിവ്‌. മോൻസണിന്റെ  കലൂരിലുള്ള വീട്‌ സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോകളും ഫോൺവിളിയുടെ വിവരങ്ങളും ചോദ്യംചെയ്യലിൽ  ക്രൈംബ്രാഞ്ച്‌ നിരത്തിയതോടെ മറുപടിയില്ലാതെ സുധാകരൻ കുഴങ്ങി. 2018 ജൂൺമുതൽ 2021 വരെ സുധാകരൻ മോൻസണുമായി ബന്ധം തുടർന്നതിന്റെ തെളിവുകൾ നിരത്തിയപ്പോഴും പതറി. എംപിയാകുന്നതിനുമുമ്പും ശേഷവും 2018, 2019 കാലയളവിലായിരുന്നു കൂടുതൽ സന്ദർശനങ്ങളും.

2021 ജൂണിൽ സുധാകരൻ കെപിസിസി പ്രസിഡന്റായപ്പോൾ മോൻസൺ തിരുവനന്തപുരത്ത്‌ ഇന്ദിരാഭവനിലെത്തി ആശംസ അറിയിച്ചിരുന്നു. ഇതിന്റെ ചിത്രവും ക്രൈംബ്രാഞ്ച്‌ സുധാകരനെ കാണിച്ചു. പരാതിക്കാരായ ഷെമീറും അനൂപ്‌ മുഹമ്മദും ഓൺലൈനിൽ തത്സമയം പങ്കുചേർന്നതോടെ സുധാകരൻ കൂടുതൽ പതറി. സുധാകരൻ ഉറപ്പ്‌ നൽകിയതിനാലാണ്‌ മോൻസണ്‌ 25 ലക്ഷം രൂപ നൽകിയതെന്ന മൊഴി അനൂപ്‌ ആവർത്തിച്ചു. സുധാകരൻ ഭീഷണി മുഴക്കിയ ശബ്‌ദ സന്ദേശത്തെക്കുറിച്ചുള്ള മൊഴിയും ആവർത്തിച്ചു.

സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായ എബിൻ എബ്രഹാമാണ്‌ ഈ ശബ്‌ദസന്ദേശം തന്നെ കേൾപ്പിച്ചെതെന്ന മൊഴിയിൽ അനൂപ്‌ ഉറച്ചുനിന്നു. ഇതേക്കുറിച്ച് മരട് പൊലീസ് സ്‌റ്റേഷനിലും ക്രൈംബ്രാഞ്ച് എഡിജിപിക്കും 2021ൽതന്നെ പരാതി നൽകിയതിന്റെ രേഖകളും അനൂപ് ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥരെ കാണിച്ചു. നൂറ്റമ്പതിലേറെ ചോദ്യങ്ങളുണ്ടായി. ഒന്നിനും  കൃത്യമായി മറുപടി നൽകാൻ സുധാകരന്‌ കഴിയാതായതോടെയാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version