സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കും. തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് ഇന്ന് അത് ന്യൂനമർദ്ദമായി മാറും.പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ചുഴലിക്കാറ്റിൻ്റെ പേര് മോക്കയെന്നായിരിക്കും. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തത ഇനിയും കൈവന്നിട്ടില്ല.
ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മേയ് 05, 07, 08 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.