കണ്ണൂർ | കുട്ടികളിലെ അമിത ഫോൺ ഉപയോഗം തടയാൻ ഊർജിത പ്രവർത്തനങ്ങളുമായി പൊലീസിന്റെ ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്റർ. സോഷ്യൽ പൊലീസിങ് ഡിവിഷന്റെ ഡി-ഡാഡ് എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന പദ്ധതി കഴിഞ്ഞ മാർച്ചിലാണ് ആരംഭിച്ചത്.
ഡിജിറ്റൽ ആസക്തി മാറ്റുകയും സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം പഠിപ്പിക്കുകയും ആണ് ലക്ഷ്യം. പ്രവർത്തനം തുടങ്ങി നാല് മാസം പിന്നിടുമ്പോൾ നിരവധി രക്ഷിതാക്കളാണ് കണ്ണൂർ വനിതാ സെല്ലിന് സമീപത്തെ ഡി-ഡാഡ് കേന്ദ്രത്തിൽ സേവനം തേടിയെത്തിയത്.
സംസ്ഥാനത്ത് കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഡി-ഡാഡ് സെന്ററുകൾ തുറന്നത്. ശാസ്‌ത്രീയമായ കൗൺസിലിങ്ങിലൂടെ ഡിജിറ്റൽ ആസക്തിയിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്ന പ്രവർത്തനത്തിലാണ് പദ്ധതി കേന്ദ്രീകരിക്കുന്നത്. ഓൺലൈൻ ഗെയിം, സമൂഹ മാധ്യമങ്ങൾ, അശ്ലീല വെബ്‌സൈറ്റുകൾ തുടങ്ങിയവയ്‌ക്ക് അടിപ്പെടുന്നതും സൈബർ തട്ടിപ്പുകളിൽ പണം നഷ്ടപ്പെടുന്നതും തടയാനുള്ള ബോധവൽക്കരണമാണ് നൽകുന്നത്.