/
13 മിനിറ്റ് വായിച്ചു

‘മൃതദേഹങ്ങള്‍ മണ്ണോടു ചേരുന്നില്ല’; ശവപ്പെട്ടി ഒഴിവാക്കി അര്‍ത്തുങ്കല്‍ പള്ളി

ശവപ്പെട്ടി ഒഴിവാക്കി മൃതദേഹം നേരിട്ട് മണ്ണില്‍ സംസ്‌കരിക്കുന്ന രീതി നടപ്പിലാക്കാനൊരുങ്ങി ലത്തീന്‍സഭയുടെ കീഴിലുള്ള പള്ളി. കൊച്ചി രൂപതയിലെ അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളിയാണ് ഈ രീതിക്ക് തുടക്കം കുറിച്ചത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ സംസ്‌കാരം നടക്കുന്നതെന്ന് പള്ളി അധികൃതര്‍ പറയുന്നു.

പ്ലാസ്റ്റിക്ക് ആവരണവും അഴുകാത്ത വസ്തുക്കളുമുള്ള ശവപ്പെട്ടിയിലടക്കുന്ന മൃതദേഹം വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണോടു ചേരുന്നില്ല എന്ന് മനസിലാക്കിയാണ് പുതിയ രീതിക്ക് തുടക്കം കുറിച്ചത്. പഴയ യഹൂദ രീതിയില്‍ കച്ചയില്‍ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കുന്ന രീതിയാണ് പള്ളിയില്‍ നടപ്പിലാക്കുന്നത്.

ചുള്ളിക്കല്‍ ഫിലോമിന പീറ്ററുടെ സംസ്‌കാരമാണ് ആദ്യമായി ഈ രീതിയില്‍ നടത്തിയത്. തീരദേശമണ്ണിലെ ഉപ്പിന്റെ അംശം മൃതദേഹം ജീര്‍ണിക്കുന്നതു വൈകിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ വികാരി ഫാ ജോണ്‍സണ്‍ തൗണ്ടയിലാണ് പുതിയ ആശയത്തിനു രൂപം കൊടുത്തത്. വിവിധ തലങ്ങളില്‍ ഒരു വര്‍ഷത്തോളമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ രീതിക്ക് തുടക്കം കുറിച്ചത്.

അര്‍ത്തുങ്കല്‍ ഇടവകയിലെ 949 കുടുംബങ്ങളുടെയും അഭിപ്രായം തേടിയിരുന്നു. 33 കുടുംബയൂണിറ്റിലും ചര്‍ച്ച ചെയ്ത് ആശങ്ക പരിഹരിച്ചാണ് പുതിയ രീതി നടപ്പാക്കിയത്. പാസ്റ്ററല്‍ കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പ്രകൃതിയോടിണങ്ങുന്നത് എന്നതിലുപരിയായി ഈ മാറ്റത്തിലൂടെ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നതും പ്രധാനപ്പെട്ട കാര്യമാണ്. വന്‍തുക മുടക്കിയാണ് ആളുകള്‍ ശവപ്പെട്ടികള്‍ വാങ്ങുന്നത്. എല്ലാ പെട്ടികള്‍ക്കും പ്ലാസ്റ്റിക് ആവരണവുണ്ടാകും.

മരണാനന്തര ശുശ്രൂഷകള്‍ക്കായി പള്ളിയില്‍ സ്റ്റീല്‍ പെട്ടികള്‍ തയാറാക്കിയിട്ടുണ്ട്. ഇത് മരണം നടക്കുന്ന വീടുകളിലേക്കു നല്‍കും. സെമിത്തേരിയില്‍ കുഴിവെട്ടി അതില്‍ തുണി വിരിച്ച് പൂക്കള്‍ വിതറിയാണ് തുണിയില്‍ പൊതിഞ്ഞ മൃതദേഹം അടക്കുക.

എല്ലാത്തരം പ്ലാസ്റ്റിക്കും സംസ്‌കാരത്തില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂട്ടായ തീരുമാനത്തിലൂടെയാണ് പുതിയ രീതി നടപ്പാക്കിയതെന്ന് സെന്‍ട്രല്‍ കമ്മിറ്റി കണ്‍വീനറും ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ടോമി ഏലശ്ശേരി പറഞ്ഞു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version