മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. മരിച്ച സുരേഷ്‌കുമാറിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. മരിച്ച കാരക്കോണം സ്വദേശി സുരേഷ്‌കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാകൂ. ഇതിന് ശേഷമായിരിക്കും പൊലീസ് കൂടുതൽ അന്വേഷണങ്ങളിലേക്ക് നീങ്ങുക.അതേസമയം സംഭവത്തിൽ അന്വേഷണ വിധേയമായി ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിനെതിരെ മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടന രംഗത്തെത്തി. ആശുപത്രി അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ യൂറോളജി, നെഫ്രോളജി മേധാവികളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഡോ. വാസുദേവൻ പോറ്റി, ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഡോക്ടർമാരെ ബലിയാടാക്കുകയാണെന്ന ആരോപണവുമായാണ് കെ ജി എം സി ടി എ രംഗത്തുവന്നിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയുള്ള സസ്‌പെൻഷൻ പിൻവലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.ഇല്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഡോക്ടർമാരുടെ ബലിയാടാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സംഘടന സർക്കാറിന് മുന്നറിയിപ്പ് നൽകി.കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. അവയവം എത്തിക്കുന്നത് വൈകാതിരിക്കാൻ പൊലിസ് സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് കൊച്ചിയിൽ നിന്ന് മൂന്ന് മണിക്കൂറുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അവയവം എത്തി മൂന്ന് മണിക്കൂറിന് ശേഷം 8.30 ഓടെയാണ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വൈ കിയതിനാലാണ് മരണം സംഭവിച്ചതെന്നാണ് ആക്ഷേപം.