ജയ്പൂര്‍> രാജസ്ഥാനിലെ കോട്ട നഗരത്തില്‍ എന്‍ട്രന്‍സ് കോച്ചിംഗിനെത്തിയ രണ്ട് വിദ്യാര്‍ഥികള്‍ രണ്ട് ദിവസത്തിനിടെ ആത്മഹത്യ ചെയ്തു. രണ്ട് പ്രത്യേക ആത്മഹത്യാ സംഭവങ്ങളിലാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇവര്‍ കോച്ചിംഗിനെത്തുന്നത്
വിദ്യാര്‍ഥികളിലൊരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും നീറ്റ് പരിശീലനത്തിനായി എത്തിയതായിരുന്നു. വിഗ്യാന്‍ നഗര്‍ പ്രദേശത്ത് പ്രത്യേകം താമസ സംവിധാനം ഇരുവര്‍ക്കുമുണ്ടായിരുന്നു. ഒരാള്‍ തിങ്കളാഴ്ചയും മറ്റെയാള്‍ ഇന്നലെയും മരിച്ചതായി പൊലീസ് പറഞ്ഞു. 17 കാരനായ മറ്റൊരു കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഹോം സിക്ക്‌നസ് അനുഭവപ്പെട്ട 17 കാരന്‍, താന്‍ കടുത്ത തീരുമാനമെടുക്കുകയാണെന്ന് വീട്ടുകാരോട് ഞായറാഴ്ച ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ചൈള്‍ഡ് ലൈനില്‍ വിളിക്കുകയും കുട്ടിയെ 20 മിനിറ്റിനകം തന്നെ പൊലീസ് കണ്ടെത്തി മരണത്തില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. അടുത്ത് ദിവസം മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു
രാജസ്ഥാനിലെ കോട്ട എഞ്ചിനീയറിംഗ് /മെഡിക്കല്‍ കോച്ചിംഗ് സെന്ററുകള്‍ വര്‍ഷങ്ങളായി പ്രശസ്തമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോട്ട നഗരത്തില്‍ നിന്നും നല്ല വാര്‍ത്തകളല്ല പുറത്തേക്ക് വന്നുകൊണ്ടിരുന്നത്. പരീക്ഷ വിജയിക്കുമോ എന്ന മാനസീക സമ്മര്‍ദം കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു.
സ്ഥാപനങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം 15 പേരാണ് ആത്മഹത്യ ചെയ്തത്. ഈ വര്‍ഷം ജൂണില്‍ തന്നെ മരണം 14 കഴിഞ്ഞിരിക്കുന്നു.