കണ്ണുർ: രാഷ്ട്രീയ അക്രമങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ പറഞ്ഞു.രാഷ്ട്രീയ കൊലപാതകങ്ങളും തിരിച്ചടികളും കേരള സമൂഹത്തിൽ നടക്കുന്നത് ജനാധിപത്യത്തിൻ്റെ വെളിച്ചം കെടുത്തുകയാണ് ചെയ്യുന്നത്. കണ്ണുർ പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കണ്ണുരിൽ ഉൾപ്പെടെ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണ് ഒരു വശത്തുള്ളത്.വർഗീയ കലാപത്തിനൊപ്പം രാഷ്ട്രീയ അക്രമങ്ങളിലും ബി.ജെ.പി മറുവശത്തു നിൽക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ ഇതു ചെയ്യരുതാത്തതാണ്.’കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ രാഷ്ട്രീയ അക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് മുൻകൈയ്യെടുക്കണമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
കെ. റെയിൽ_സിൽവർ ലൈൻ പദ്ധതി കേരളത്തെ തകർക്കുമെന്നും കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കാതെ സിൽവർ ലൈനിനു പിന്നാലെ പോകുന്നത് ഭൂമാഫിയയെ സഹായിക്കാനാണെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.ഒരു ലക്ഷം കോടിയിലേറെ വിദേശ രാജ്യങ്ങളിൽ നിന്നും കടമെടുത്താണ് പരിസ്ഥിതിക്ക് വിനാശകരമായ പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതിക്ക് അങ്ങേയറ്റം വിനാശകരമായ പദ്ധതിയാണ് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കാൻ പോകുന്നത്. പദ്ധതിക്കെതിരെയുള്ള ജനകീയ പ്രതിഷേധം സർക്കാർ കാണാതെ പോകരുതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.കഴിഞ്ഞ ഏഴു വർഷത്തെ ഭരണം കൊണ്ടു നരേന്ദ്ര മോദി സർക്കാർ ഇന്ത്യൻ ജുഡീഷ്യറിയെപ്പോലും തകർന്നു.മാധ്യമങ്ങളെ പരസ്യം നൽകി കോർപറേറ്റുകൾ വിലയ്ക്കെടുത്തുവെന്നും പ്രശാന്ത് ഭൂഷൺ ചുണ്ടിക്കാട്ടി. രാജ്യത്ത് സ്വതന്ത്ര ചിന്തയും ശബ്ദങ്ങളും കുറഞ്ഞു കൊണ്ടിരിക്കുകയാണ് കേന്ദ്ര ഏജൻസികളായ ഇ ഡി യെയും സി.ബി.ഐയെയും മോദി സർക്കാർ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണ്.ഉത്തർപ്രദേശിൽ അഖിലേഷ് യാദവിനെതിരെ നടത്തിയ നീക്കങ്ങൾ നാം കണ്ടതാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.മീറ്റ് ദ പ്രസിൽ പ്രസ് ക്ളബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു ‘ പ്രസിഡൻ്റ് എ കെ ഹാരിസ് അധ്യക്ഷനായി.