/
11 മിനിറ്റ് വായിച്ചു

‘ബി.ജെ.പി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നു’-മുഖ്യമന്ത്രി

ഗവർണർമാർ സംസ്ഥാന ഭരണത്തിൽ കടന്നു കയറുന്നത് വഴി ബി.ജെ.പി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന കർഷക തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോർപറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

രാജ്യത്തെ 82 ശതമാനം തൊഴിലാളികൾക്കും ഇന്ന് തൊഴിൽ സുരക്ഷയില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാരോട് പോരാടി ആരോഗ്യം കളയയേണ്ട എന്ന് കരുതിയവരാണ് ആർ.എസ്.എസുകാർ. ഇന്ന് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കർഷകർക്ക് ഇന്ത്യയിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. മോദി സർക്കാർ കാർഷിക മേഖലെയെ കോർപറേറ്റുകൾക്ക് തീറെഴുതി നൽകി. ഇതിനായി കാർഷിക നിയമങ്ങൾ മാറ്റിയെഴുതി. ഓരോ അരമണിക്കൂറിലും ഓരോ കർഷകൻ വീതം ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്ത് .

ജനങ്ങളെ ഭിന്നിപ്പിച്ചാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നത്. മോദി ഭരണത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തെ കേന്ദ്ര സർക്കാർ തകർക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ശ്രമം രാജ്യത്തിന്‍റെ അഖണ്ഡതയെ തകർക്കുമെന്നും മുഖ്യമന്ത്രി തെലങ്കാന കർഷക സമ്മേളനത്തിൽ പറഞ്ഞു.

പതിനായിരങ്ങൾ പങ്കെടുത്ത റാലിയാണ് തെലങ്കാനയിലെ ഖമ്മത്ത് നടന്നത്. ഖമ്മം ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിലെ പ്രവർത്തകരാണ് റാലിയിൽ അണി നിരന്നത്. തെലങ്കാനയുടെ പരമ്പരാഗത കലാരൂപങ്ങൾ റാലിക്ക് മിഴിവേകി. സി.പി.എം തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേൻ വീരഭദ്രം,അഖിലേന്ത്യാ കർഷകതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി. വെങ്കട്, കേരള സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു. തെലങ്കാനയിൽ മുഖ്യമന്ത്രിക്ക്‌ ഉജ്വല വരവേൽപ്പാണ്‌ ലഭിച്ചത്‌. ഖമ്മത്തെ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ വാദ്യഘോഷങ്ങളോടെ നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version