10 മിനിറ്റ് വായിച്ചു

ധർമ്മടം ഐലന്‍റ്​ കാർണിവലിന് തുടക്കമായി

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മേളകൾ നടക്കുകയാണെന്നും ഇത്തരം മേളകൾ ജനകീയ ഐക്യത്തിനാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടം ഗ്രാമ പഞ്ചായത്ത് ഡി.ടി.പി.സിയുടെ സഹകരണത്തോടെ നടത്തുന്ന ധർമടം ഐലന്‍റ്​ കാർണിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്‍റെ സമാധാന അന്തരീക്ഷത്തിന് നേരെ പിടിച്ച കണ്ണാടിയായി ഇത്തരം മേളകൾ മാറണം. നാടിന്‍റെ മത നിരപേക്ഷത ഉയർത്തിപ്പിടിച്ച് നാടിന്‍റെ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാനാകണം. ടൂറിസത്തിന് ഏറെ സാധ്യതയുളള ഇടമാണ് ധർമടം. ഇത് കൃത്യമായി തിരിച്ചറിഞ്ഞുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ധർമടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം പദ്ധതി യാഥാർഥ്യമായാൽ വിദേശ, ആഭ്യന്തര ടൂറിസ്റ്റുകാരെ കൂടുതലായി ആകർഷിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധർമടം തുരുത്തിൽ 10 ദിവസം നീളുന്ന കാർണിവലിനാണ് തുടക്കമായത്. കാർണിവലിന്‍റെ ഭാഗമായി കലാ സാംസ്‌കാരിക പരിപാടികൾ, എക്‌സിബിഷൻ, വിപണനമേള, ഫുഡ് കോർട്ട്, അമ്യൂസ്‌മെന്‍റ്​ പാർക്ക്, ബോട്ടിങ്​ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. ധർമടം പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ.കെ. രവി, വൈസ് പ്രസിഡന്‍റ്​ കെ. ഷീജ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.വി. ജയരാജൻ, വി.എ. നാരായണൻ, അഡ്വ.എം.എസ്. നിഷാദ്, എൻ. ഹരിദാസൻ, എൻ.പി. താഹിർ, കെ. സുരേഷ്, പി.പി. ദിവാകരൻ, കല്യാട്ട് പ്രേമൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാറും ഗായകൻ നിരഞ്ജ് സുരേഷും ചേർന്ന് അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. കാർണിവലിന്‍റെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയും നടന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version