ഇടുക്കി ഗവൺമെന്റ് എൻജിനിയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ. പ്രത്യേക സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഉന്നതതല ഗൂഢാലോചന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.അതേസമയം കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻറെ തീരുമാനം. അതിനായി കസ്റ്റഡി അപേക്ഷയും പൊലീസ് സമർപ്പിക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോൾ അറസ്റ്റിലായവർ കൂടാതെ പോലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖിൽ പൈലിയും ജെറിൻ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്.ഇതിനിടെ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിൽ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായില്ല. പ്രതി നിഖിൽ പൈലിയേയും കൊണ്ട് പൊലീസ് കത്തി കണ്ടെടുക്കാൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. നിഖിൽ പൈലിയെ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതികളെ പത്തു മണിക്ക് ശേഷം കോടതിയിൽ ഹാജരാക്കും.