കൊല്ലപ്പെട്ട എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്റെ കുടുംബത്തിനായി സിപിഐഎം സമാഹരിച്ച ധനസഹായ തുക മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. കണ്ണീരണിഞ്ഞാണ് മാതാപിതാക്കള്‍ സഹായം ഏറ്റുവാങ്ങിയത്. ധീരജിനെ കൃത്യതയോടെയും സൂക്ഷ്മതയോടെയും ആണ് കൊല നടത്തിയത്. ഒറ്റ വെട്ടില്‍ മരിക്കാന്‍ എവിടെ വെട്ടണം എന്ന് പഠിച്ചാണ് ക്രിമിനല്‍ കൃത്യം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ധീരജ് രാജേന്ദ്രന്റെ കുടുംബത്തെ സഹായിക്കുന്നതിനായി സിപിഐഎം ഇടുക്കി ജില്ലാ കമ്മറ്റി സമാഹരിച്ച 60 ലക്ഷം രൂപയാണ് കുടുംബത്തിന് ഇടുക്കിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയത്. അച്ഛനും അമ്മയ്ക്കും ഇരുപത്തിയഞ്ച് ലക്ഷം വീതവും. സഹോദരന് തുടര്‍ പഠനത്തിനായി പത്ത് ലക്ഷം രൂപയുമാണ് കൈമാറിയത്.
ചടങ്ങില്‍ ഇടുക്കിയില്‍ പണി കഴിപ്പിക്കുന്ന ധീരജ് സ്മാരക മന്ദിരത്തിന്റെ ശിലാ സ്ഥാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. എസ്എഫ്‌ഐയുടെ വളര്‍ച്ചയുടെ വേഗത ഓരോദിവസവും വര്‍ധിക്കുകയാണ്. ചില തീവ്രവാദ സംഘടനകള്‍ സ്വീകരിക്കുന്ന രീതി നമ്മുടെ രാജ്യത്തെ പഴക്കമുള്ള ഒരു പാര്‍ട്ടി ഇക്കാലത്തും സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്യാമ്പസുകളില്‍ ആയുധം എടുത്തുള്ള അക്രമണത്തിന് തുടക്കം കുറിച്ചത് കെഎസ്‌യു ആണ്. എസ്എഫ്‌ഐ ശക്തിപ്പെടുന്നത് അങ്ങേയറ്റം അസഹിഷ്ണുതയോടെ കാണുന്നു. അരുംകൊല നടത്തിയവരെ സംരക്ഷിക്കാന്‍ അഖിലേന്ത്യ നേതാവ് വരെ തയ്യാറാകുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. ചടങ്ങില്‍ വച്ച് ധീരജിനൊപ്പമുണ്ടായിരുന്ന അക്രമണത്തില്‍ പരുക്കേറ്റ മറ്റ് രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ധന സഹായം വിതരണം ചെയ്തു.