കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. മംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയാണ്.
ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓൺലൈനായി കാസർകോട് അടക്കത്ത്ബയലിലെ അൽറൊമാൻസിയ ഹോട്ടലിൽ നിന്നാണ് കുഴിമന്തി വാങ്ങിയത്. വീട്ടിൽവെച്ച് കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചവർക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. അഞ്ജുശ്രീ പാർവതിയുടെ നിലമോശമായിരുന്നു. തുടർന്ന് പെൺകുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വെച്ച് ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റമോർട്ടത്തിനായി കൊണ്ടുപോകും. കുടുംബം മേൽപ്പറമ്പ് പൊലീസിന് നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
നിലവിൽ മറ്റുള്ളരുടെ ആരോഗ്യ സ്ഥിതിയിൽ പ്രശ്നങ്ങളില്ല. ഒരാഴ്ചക്കിടെ രണ്ട് പേരാണ് സമാനമായ രീതിയിൽ ഭക്ഷ്യ വിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. സംസ്ഥാന വ്യാപമായി ഹോട്ടലുകളിൽ പരിശോധന തുടരുന്നതിനിടെയാണ് രണ്ടാമത്തെ മരണമുണ്ടായത്. ഭക്ഷ്യ വിഷബാധയെന്ന വിവരം പുറത്ത് വന്നതോടെ ഹോട്ടലിൽ സുരക്ഷാ വിഭാഗം പരിശോധന ആരംഭിച്ചു.