നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി. ജസ്‌ററിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം.ഏപ്രില്‍ 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അതിന് താന്‍ സാക്ഷിയാണെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിലെ തുടരന്വേഷണവുമായി മുന്നോട്ടുപോയത്.എന്നാല്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള അന്വേഷണ സംഘത്തിന്റെ ദുരൂഹമായ നീക്കമാണ് അന്വേഷണ സംഘത്തിന്റെത് എന്നായിരുന്നു ദിലീപിന്റെ വാദം. തുടരന്വേഷണം എത്രയും വേഗം റദ്ദാക്കണമെന്നും വിചാരണ പൂര്‍ത്തിയാക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഫെബ്രുവരി 24ന് ദിലീപ് കോടതിയില്‍ വാദിച്ചത്. ഗൂഡാലോചനയുടെ ഭാഗമാണ് ക്രൈംബ്രാഞ്ച് നീക്കമെന്നും ദിലീപ് ആരോപിച്ചിരുന്നു.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് ഒന്നു വരെയാണ് എറണാകുളം അഡി. സ്‌പെഷ്യല്‍ സെഷന്‍സ് കോടതി സമയം നല്‍കിയിരുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. സത്യം പുറത്തു വരാനായി തുടരന്വേഷണം അനിവാര്യമാണെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന നടിയും കോടതിയെ അറിയിച്ചിരുന്നു.