/
8 മിനിറ്റ് വായിച്ചു

ഭിന്നശേഷി വിദ്യാർഥികളുടെ സ്കൂളിനായി സമാഹരിച്ച തുക ദുരുപയോഗം ചെയ്തതായി പരാതി

ധർമടം: സ്വാമിക്കുന്നിലെ ഭിന്നശേഷി വിദ്യാർഥികളുടെ സ്കൂളിനായി സമാഹരിച്ച തുകയുടെ പേരിൽ സ്കൂൾ നടത്തിപ്പിന് നേതൃത്വം നൽകുന്ന സംഘടനക്കെതിരെ ബാലാവകാശ കമീഷന് പരാതി. സ്കൂളിന്റെ പേരിൽ സമാഹരിച്ച തുക സ്കൂളിന് നൽകാതെ വക മാറ്റിയതായി സംഘടനയുടെ മുൻ ഭാരവാഹികളാണ് പരാതി നൽകിയത്. നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് പരാതി നൽകിയ മുൻ ഭാരവാഹികൾ ഉയർത്തുന്നത്. സ്കൂളിന്റെ ധനശേഖരണാർഥം വർഷങ്ങളോളം തലശ്ശേരിയിൽ ടിക്കറ്റ് വെച്ച് സംഘടന പുഷ്പമേള നടത്തിയിരുന്നു. ഭിന്നശേഷി വിദ്യാർഥികളുടെ സ്കൂളിന് വേണ്ടിയുള്ള പരിപാടി എന്ന നിലയിൽ സർക്കാറും നഗരസഭയും പുഷ്പമേളക്ക് വിനോദ നികുതി ഇളവ് നൽകിയിട്ടുണ്ട്. ഇങ്ങനെ കിട്ടുന്ന ലാഭത്തിൽ നിന്ന് ഭിന്നശേഷി സ്കൂളിന് നാമമാത്രമായ തുക മാത്രമാണ് നൽകിയിരുന്നതെന്നും 2014 വരെ പുഷ്പമേള നടത്തിയതിൽ നിന്നു ലഭിച്ച 8.25 ലക്ഷത്തോളം രൂപ ഉപയോഗിച്ച് തലശ്ശേരിയിലെ ഷോപ്പിങ് സെന്ററിൽ സംഘടന ഓഫിസ് സൗകര്യം ഒരുക്കുകയാണ് ചെയ്തതെന്നും പരാതിയുണ്ട്. ഭിന്നശേഷി വിദ്യാർഥികൾക്കുള്ള തുക വകമാറ്റി എടുത്ത ഓഫിസ് കെട്ടിടത്തിന്റെ കച്ചീട്ട് സംഘടനയിൽ അംഗമല്ലാത്ത മൂന്ന് വ്യക്തികളുടെ പേരിലാണെന്നും ആരോപണമുണ്ട്. സ്കൂൾ കെട്ടിടം അപകടാവസ്ഥയിലാണെന്നും പരാതിയിൽ പറയുന്നു. ഭിന്നശേഷി വിദ്യാർഥികളുടെ സ്കൂളിന്റെ പേരിൽ സമാഹരിച്ച തുക സ്കൂളിന് തന്നെ ലഭ്യമാക്കണമെന്ന് മുൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!