സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന കായിക താരങ്ങളും മന്ത്രി വി അബ്ദുറഹ്മാനുമായുള്ള ചർച്ച അനിശ്ചിതത്വത്തിൽ. ചർച്ച വേണോയെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കായിക താരങ്ങൾ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. ജോലി നൽകാമെന്ന വാഗ്ദാനം സർക്കാർ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് കായിക താരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിച്ചത്. ജോലി ലഭിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് താരങ്ങളുടെ നിലപാട്. സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.2010 മുതൽ 2014 വരെയുള്ള കാലയളവിലെ 250 പേർക്ക് നിയമനം നൽകിയെങ്കിലും 54 പേർക്ക് ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല. സർക്കാർ ജോലി നൽകിയെന്ന് പ്രചരിപ്പിച്ചവരിൽ തന്നെ നിയമന ശിപാർശ ലഭിക്കാത്തവരുണ്ടെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ജോലി നൽകി കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ട് വരുന്ന ഡിസംബർ 21ന് ഒരു വർഷം ആവുകയാണ്. സ്പോർട്സ് ക്വാട്ടാ നിയമനത്തിൽ സർവ്വകാല റെക്കോർഡിട്ടെന്ന് കാണിച്ച് ഏറെ കൊട്ടിഘോഷിച്ചാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം അന്നത്തെ കായികമന്ത്രി ഇ പി ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൊതുങ്ങിയെന്നാണ് കായികതാരങ്ങളുടെ വിമര്‍ശനം.