/
10 മിനിറ്റ് വായിച്ചു

‘എന്‍റെ പുസ്തകം എന്‍റെ വിദ്യാലയം’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളുടെയും പുസ്തകം പ്രസിദ്ധീകരിക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കലാലയങ്ങളെയും ഉൾപ്പെടുത്തിയാണ്‌ പദ്ധതിയെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.പി. ദിവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ വിദ്യാലയങ്ങളുടേതായി ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ പ്രസിദ്ധീകൃതമാവും. ഇതിലൂടെ അമ്പതിനായിരത്തിലധികം വിദ്യാർഥികൾ എഴുത്തുകാരാവും. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ കവർ ചിത്രം വരക്കും. ആയിരത്തി അഞ്ഞൂറോളം കുട്ടി എഡിറ്റർമാരും ഉണ്ടാകും.
കുട്ടികൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചുവരുന്ന കാലഘട്ടത്തിൽ എഴുത്തും വായനയും മറ്റ് സർഗാത്മക പ്രവർത്തനങ്ങളും ലഹരിയാക്കി മാറ്റി വിദ്യാർഥി ജീവിതം ക്രിയാത്മകമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പി.പി. ദിവ്യ പറഞ്ഞു.
കഥ, കവിത, യാത്രാനുഭവങ്ങൾ, പ്രാദേശിക ചരിത്രം, ശാസ്ത്ര കുറിപ്പുകൾ, പരിസ്ഥിതി രചനകൾ തുടങ്ങിയവയാണ് സമാഹരിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുക. ഈ വിഭാഗത്തിൽ ഇഷ്ടമുള്ളവ വിദ്യാലയത്തിന് തെരഞ്ഞെടുക്കാം. ഒരു പുസ്തകത്തിൽ ഒരു വിഭാഗം മാത്രമേ ഉൾപ്പെടുത്താവൂ. ഒരു വിദ്യാലയത്തിന് ഒന്നിൽ കൂടുതൽ വിഷയം തെരഞ്ഞെടുക്കാം. വിഷയം നിശ്ചിത ഫോമിൽ അറിയിക്കണം. വിദ്യാർഥികളുടെ രചനകൾ 31ന് മുമ്പായി ശേഖരിച്ച് എഡിറ്റോറിയൽ അംഗങ്ങളെ ഏൽപ്പിക്കണം. ഹൈസ്‌കൂളുകളിലും ഹയർസെക്കൻഡറിയിലും ഒരുമിച്ചോ പ്രത്യേകമായോ പുസ്തകം തയ്യാറാക്കാം. 70 മുതൽ 100 വരെയുള്ള പേജുകളിൽ ഒതുങ്ങുന്ന പുസ്തകങ്ങളാണ് ഉദ്ദേശിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂളുകൾക്ക് ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകും. ജില്ലാതല എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ച ശേഷമാണ്‌ രചനകൾ പരിഗണിക്കുക. അവ സ്‌കൂൾതല എഡിറ്റോറിയൽ ബോർഡും പരിശോധിക്കണം. ഫോൺ: 9539238383, 9747251000. അയക്കേണ്ട ഇമെയിൽ വിലാസം: booksmatter 2022@gmail.com.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!