കണ്ണൂർ: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള വോളിബാൾ ചാമ്പ്യൻഷിപ്പ് ജനുവരി എട്ടിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിനി, സബ്ബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ്പ്. മിനി, സബ്ബ് ജൂനിയർ മത്സരങ്ങൾ ജനുവരി 8, 9 ദിവസങ്ങളിൽ കണ്ണൂർ വി.കെ കൃഷ്ണമേനോൻ കോളേജിലും, ജൂനിയർ മത്സരം പേരാവൂർ ജിമ്മി അക്കാഡമിയിൽ ജനുവരി 14നും 15 നും യൂത്ത് വോളി പയ്യന്നൂർ കാനായിലും, സീനിയർ ചാമ്പ്യൻഷിപ്പ് ചമ്പാട് കെസികെ ഗ്രൗണ്ടിലും നടക്കും.സംസ്ഥാന വോളിബാൾ അസോസിയേഷനെ സസ്‌പെന്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സ്‌പോർട്‌സ് കൗൺസിൽ നേരിട്ട് മത്സരങ്ങൾ നടത്തുന്നത്. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് മാത്രമായിരിക്കും ഗ്രേസ് മാർക്കിനും മറ്റ് ആനുകൂല്യങ്ങൾക്കും അർഹത. ഈ മാസം 31ന് മുമ്പ് സ്‌പോർട്‌സ് കൗൺസിന്റെ അപേക്ഷാ ഫോറത്തിൽ ക്ലബ്ബുകൾ നേരിട്ടോ ഇ മെയിൽ വഴിയോ രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിച്ച് നൽകണം. മിനി വോളി 2008 ജനുവരി ഒന്നിന് ശേഷവും, സബ് ജൂനിയർ 2006 ജനുവരി 1ന് ശേഷവും, യൂത്ത് 2001 ജനുവരി 1ന് ശേഷവും ജനിച്ചവരായിരിക്കണം. വാർത്താ സമ്മേളനത്തിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ, കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം, ഡോ. പി.പി ബിനീഷ്, എം. ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.