/
9 മിനിറ്റ് വായിച്ചു

ഈഴവർക്കൊപ്പം പരിഗണിക്കരുത്, തിയ്യ സമുദായത്തിന് പ്രത്യേക സംവരണം വേണമെന്ന് ക്ഷേമ സമിതി

കണ്ണൂർ: ഈഴവ, തിയ്യ വിഭാഗങ്ങളെ ഒറ്റ കാറ്റഗറിയായി സംവരണത്തിന് പരിഗണിക്കുന്നതിനാൽ സർക്കാർ നിയമനങ്ങളിൽ നിന്നും തിയ്യ സമുദായം തഴയപ്പെടുന്നെന്ന് പരാതി. 14 ശതമാനം സംവരണത്തിൽ 12 ശതമാനവും ഈഴവ വിഭാഗത്തിനാണ് ലഭിക്കുന്നതെന്നാണ് തിയ്യ ക്ഷേമസഭയുടെ ആക്ഷേപം. തിയ്യരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ഏഴ് ശതമാനം സംവരണം ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.പിഎസ്‍സി 2005 മുതൽ 2019 വരെ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ 2345 പേർ ഈഴവ വിഭാഗത്തിൽ ഉള്‍പ്പെട്ടവർ ആയിരുന്നു. എന്നാൽ തിയ്യ വിഭാഗത്തിൽപ്പെട്ട വെറും 249 പേർക്കാണ് റാങ്ക് ലിസ്റ്റിൽ കയറാനായുള്ളൂ. ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തിനും കൂടി 14 ശതമാനമാണ് ആകെ സംവരണമെങ്കിലും ഫലത്തിൽ 12 ശതമാനം സംവരണവും ഈഴവ വിഭാഗത്തിനാണ് ലഭിക്കുന്നത്. ദേവസ്വം ബോർഡ് നിയമനങ്ങളിലും ഇതേ സ്ഥിതിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ റാങ്ക് പട്ടികയിൽ 13.59 ശതമാനം സംവരണവും ഈഴവ വിഭാഗത്തിൽപ്പെട്ടവ‌ർക്കായിരുന്നു. 0.41 ശതമാനം മാത്രമാണ് തിയ്യ വിഭാഗത്തിന് ലഭിച്ചതെന്ന് തിയ്യ ക്ഷേമ സഭ ജനറൽ കൺവീനർ വിനോദൻ പറഞ്ഞു.

തിയ്യരും ഈഴവരും സാമൂഹികപരമായി വ്യത്യസ്ത ജാതികളാണെന്നും യാതൊരു സാമ്യവുമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇവരെ ഒരുമിച്ച് ചേർക്കുന്നതിനാൽ പല സമയങ്ങളിലും ജാതി പരിവർത്തനം പോലും നടക്കുന്നുവെന്ന് ഫോക്‌ലോർ ഗവേഷകൻ രാഘവൻ പയ്യനാട് കുറ്റപ്പെടുത്തി. സാമ്പത്തികവും സാമൂഹികവുമായി ഈഴവരേക്കാൾ പിന്നോക്കം നിൽക്കുന്ന തിയ്യ വിഭാഗത്തിന് അർഹതപ്പെട്ട ആനുകൂല്യം കിട്ടാനായി 14 ശതമാനം സംവരണം പകുതിയായി വിഭജിച്ച് നൽകണമെന്നാണ് ഇവരുടെ ആവശ്യം. തിയ്യ ക്ഷേമ സഭ ഉന്നയിച്ച ആശങ്ക പഠിച്ച് റിപ്പോർട്ട് നൽകാൻ കിർത്താഡ്സിനെ ഏൽപ്പിച്ചിരിക്കുകയാണ് സർക്കാർ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version