പരിയാരം : കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പാളായി ഡോ സൈറു ഫിലിപ്പ് ചുമതലയേറ്റു. കോട്ടയം ഗവ.മെഡിക്കൽ കോളേജിലെ പ്രൊഫസറും കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായിരുന്നു. പ്രൊമോഷനായാണ് പരിയാരത്ത് പ്രിൻസിപ്പാളായി നിയമിതയായിരിക്കുന്നത്. സ്ഥാപനം സർക്കാർ ഏറ്റെടുത്ത ശേഷമുള്ള ആറാമത്തെ പ്രിൻസിപ്പാളും രണ്ടാമത്തെ വനിതാ പ്രിൻസിപ്പാളുമാണ് ഡോ. സൈറു ഫിലിപ്പ്. കോട്ടയം ഗവ.മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്സും, കമ്യൂണിറ്റി മെഡിസിനിൽ പി.ജി ബിരുദവും നേടിയ ഡോക്ടർ, തിരുവനന്തപുരത്ത് നിന്നാണ് എം.ഫിൽ കഴിഞ്ഞത്.1997 ലാണ് സർക്കാർ സർവീസിൽ പ്രവേശിച്ചത്. ഇതിനോടകം, കോഴിക്കോട്, ആലപ്പുഴ, മഞ്ചേരി, കോട്ടയം മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രിൻസിപ്പാളായി ചുമതലയേറ്റെടുത്തത്. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ വൈസ് പ്രിൻസിപ്പാളായും പ്രവർത്തിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയാണ് സൈറു ഫിലിപ്പ്.