//
13 മിനിറ്റ് വായിച്ചു

ചങ്ങനാശേരി ‘ദൃശ്യം മോഡല്‍’ കൊലപാതകം; പ്രതി അറസ്റ്റില്‍

ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍’ കൊലപാതക കേസില്‍ പ്രതി അറസ്റ്റില്‍. ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി മുത്തുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും.ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിടുകയായിരുന്നു. ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയും ചെയ്തിരുന്നു.

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നായിരുന്നു പ്രാഥമിക വിവരം. പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിലും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിലുള്‍പ്പടെ വ്യക്തതയുണ്ടാകും.

കഴിഞ്ഞമാസം 26-നാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബിജെപി പ്രവര്‍ത്തകനായ ബിന്ദുമോന്‍ എന്ന യുവാവിനെ കാണാതാകുന്നത്. ബന്ധുക്കള്‍ 28-ാം തീയതി പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് ബിന്ദുമോന്റേതെന്ന് സംശയിക്കുന്ന ബൈക്ക് പുതുപ്പള്ളി കൊട്ടാരത്തില്‍ക്കടവ് ഭാഗത്ത് തോട്ടില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മുത്തുകുമാറിന്റെ ചങ്ങനാശേരി പൂവത്ത് വീടില്‍ എത്തിയത്. മൃതദേഹം വീട്ടില്‍ കുഴിച്ചിട്ടിരിക്കാം എന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിന്ദുമോനെ കുഴിച്ചിട്ട ശേഷം പ്രതലം കോണ്‍ക്രീറ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി.

കേസില്‍ നിര്‍ണായക തെളിവായത് 29-ന് ലഭിച്ച ഫോണ്‍ രേഖകളാണ്. ബിന്ദുമോനെ കാണാതായ 26-ന് ഉച്ചക്ക് മുത്തുകുമാറിനെ വിളിച്ചതായാണ് ഫോണ്‍രേഖകള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം മുത്തുകുമാറിനോട് ചോദിച്ചപ്പോള്‍ ഒന്നും അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനില്‍ എത്തണമെന്ന് അറിയിച്ചു.

എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുത്തുകുമാര്‍ മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ ബിന്ദുമോന്റെ മൃതദേഹമാണിതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂയെന്ന് പൊലീസ് പറഞ്ഞിരുന്നു. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിന്ദുമോന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version