തലശ്ശേരിയിലെ ചിറമ്മല്‍ കെ. ഖാലിദിനെയും പി. ഷമീറിനെയും കൊലപ്പെടുത്തിയത് ലഹരി മാഫിയ സംഘമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കഞ്ചാവ് വിൽപന നടത്തി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ജാക്സന്റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിനെതിരെ കൊല്ലപ്പെട്ടവരും പരിക്കു പറ്റിയവരും പ്രതികരിച്ചിരുന്നു. അതിനോടുള്ള പകയാണ് കൊലപാതകത്തില്‍ എത്തിച്ചത്. രണ്ടുപേരുടെ ജീവന് നഷ്ടപ്പെട്ടതില്‍ നാടാകെ ദുഃഖത്തിലാണ്. രണ്ടു കുടുംബങ്ങള്‍ക്കും അവരുടെ ആശ്രയങ്ങള്‍ ആണ് ഇല്ലാതായത്. ലഹരി വിൽപന നടത്തുന്ന കൊലയാളികള്‍ പെട്ടെന്നാണ് സമ്പന്നരായത്. പണത്തോടുള്ള ആര്‍ത്തിയാണ് കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്താന്‍ ഇവരെ പ്രേരിപ്പിച്ചത്. അതാവട്ടെ പുതുതലമുറയെ വഴിതെറ്റിക്കുന്നതാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ലഹരി വിരുദ്ധ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ സഹകരിച്ചു. എന്നാല്‍ ലഹരിമാഫിയ സംഘത്തിനെതിരെ പ്രതികരിക്കുന്നവരെ ഇല്ലാതാക്കാന്‍ ഗുണ്ടാസംഘത്തെ സൃഷ്ടിക്കുകയാണ്. അതാണ് തലശ്ശേരിയില്‍ കണ്ടത്. ലഹരി വിൽപനയില് ഏര്‍പ്പെട്ട ഒരു ഡസനിലേറെ പേര് കൊലയാളി സംഘത്തിലുണ്ട്. കൊലയാളികളെയും അവരെ സഹായിച്ചവരെയും എത്രയും പെട്ടെന്ന് പൊലീസ് പിടികൂടണം. അതോടൊപ്പം നാടിന്റെ സമാധാനം തകര്‍ക്കുന്ന ലഹരി മാഫിയ സംഘത്തെ അമര്‍ച്ച ചെയ്യുകയും വേണം. കൊലപാതകത്തിനും ലഹരിമാഫിയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരണമെന്നും ജില്ല സെക്രട്ടറി എം.വി. ജയരാജന് അഭ്യര്‍ത്ഥിച്ചു.