കണ്ണൂര്‍: ചട്ടം ലംഘിച്ചതിന്റെ പേരില്‍ ആര്‍ഡിഒ അധികൃതര്‍ പിടിച്ചെടുത്ത ‘നെപ്പോളിയന്’ എന്ന വാഹനത്തിന് പകരം പുതിയ വാഹനവുമായി ഇ ബുള്‍ജെറ്റ് സഹോദരന്മാര്. ഒരു സിനിമാ താരത്തിന്റെ കാരവന് വിലക്കെടുത്ത് നെപ്പോളിയന് എന്ന പേരില്‍ തന്നെ ഇറക്കാനാണ് ഇരുവരുടെയും നീക്കം. കൊച്ചിയില്‍ വണ്ടിയുടെ പണി പുരോഗമിക്കുന്നുണ്ട്. ചട്ടലംഘനം നടത്തി വാഹനം രൂപം മാറ്റിയതിൻറെ പേരില്‍ ഒന്നരവര്‍ഷം മുമ്പാണ് ഇവരുടെ വാഹനം മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. പുതിയ വാഹനത്തിലും ചട്ടലംഘനം നടത്തി രൂപമാറ്റം വരുത്തിയാല്‍ ആ വണ്ടിയും പിടിച്ചെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
കണ്ണൂര്‍ കിളിയന്തറ സ്വദേശികളായ ലിബിനും എബിനും യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ലക്ഷക്കണക്കിന് ആരാധാകരാണുള്ളത്. റാംബോ എന്ന വളര്‍ത്ത് നായക്ക് ഒപ്പമാണ് ഇവർ ഇന്ത്യ മുഴുവന്‍ ഈ വാനില്‍ സഞ്ചരിച്ചത്. വാഹനത്തിന്റെ നിറവും രൂപവും മാറ്റിയും ടാക്സ് പൂര്‍ണമായും അടക്കാതെയും അതിതീവ്ര ലൈറ്റുകള്‍ ഘടിപ്പിച്ച വാന്‍ മാസങ്ങളോളം റോഡില്‍ ഓടിയിരുന്നു.വാന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതോടെ സഹോദരന്മാര് സമൂഹമാധ്യമങ്ങളില്‍ ലൈവില്‍ വന്ന് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആരാധകരും ലൈവ് വീഡിയോകള്‍ ഇട്ടു. ചട്ടങ്ങള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിക്കാന്‍ തയ്യാറാകാതിരുന്ന ഇവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഓഫീസില്‍ അതിക്രമിച്ച് കയറിയതിനും ഇവർക്കെതിരെ കേസെടുത്തു.സ്റ്റിക്കര്‍ നീക്കം ചെയ്യാതെ തന്നെ വാഹനം വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.