14 മിനിറ്റ് വായിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി വരുന്നു; ഇനി മുതൽ ഓൺലൈൻ ബുക്കിംഗ്

കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതോടെ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാവുമെന്ന് ആർഎംഒ ഡോ. സുവിൻ മോഹൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു. ആരോഗ്യ വകുപ്പ് രൂപം നൽകിയ ഇ-ഹെൽത്ത് വെബ് പോർട്ടൽ മുഖേന അപ്പോയിൻമെൻ്റ് എടുക്കാൻ സാധിക്കും. ഇ-ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാനായി https://ehealth.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കണം. അങ്ങനെ ലഭിക്കുന്ന തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് നിശ്ചിത തീയ്യതിയിൽ ആശുപത്രികളിലേക്കുള്ള അപ്പോയിൻമെൻ്റ് എടുക്കാൻ സാധിക്കും. ഇ ഹെൽത്ത് ഉള്ള എല്ലാ ആശുപത്രികളിലും ഈ തിരിച്ചറിയൽ നമ്പർ ഉപയോഗിക്കാം. രോഗികൾക്ക് അവർക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കൺ എടുക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഇ-ഹെൽത്ത് പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കുന്നതോടെ എല്ലാ സർക്കാർ ആശുപത്രികളേയും ഒറ്റ നെറ്റ് വർക്കിൻ്റെ ഭാഗമാക്കി മാറ്റാൻ കഴിയും. ഇതോടെ ചികിത്സക്കായി വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പോകുമ്പോൾ, രോഗികൾക്കു തങ്ങളുടെ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള രേഖകൾ കൊണ്ടു നടക്കേണ്ടിവരില്ല. ടെസ്റ്റുകൾ ആവർത്തിച്ചു ചെയ്യേണ്ടിയും വരില്ല. രോഗനിർണയം മുതൽ ചികിത്സ നൽകൽ വരെ ഇതു വേഗത്തിലാക്കും.

ഇതോടെ ഒപി ടിക്കറ്റിനായി ജില്ലാ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നത് നേട്ടമാണ്. തിരക്ക് കുറഞ്ഞ സമയമായതിനാലാണ് ഇപ്പോൾ ഇ ഹെൽത്തിൻ്റെ ട്രയൽ നടത്തുന്നത്. തിരക്ക് കുറക്കാനായി നാല് കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിൽ ഏറ്റവും അധികം രോഗികൾ വരുന്ന ആശുപത്രിയായി ജില്ലാ ആശുപത്രി മാറിയിട്ടുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ഒരു ദിവസം മൂവായിരത്തി അഞ്ഞൂറിലധികം പേരാണ് എത്തുന്നത്. ജില്ലാ ആശുപത്രിയിൽ നിശ്ചയിക്കുന്ന വളണ്ടിയർമാർ അല്ലാതെ പുറത്തുനിന്നുള്ള വളണ്ടിയർമാരെ ഒഴിവാക്കണം. അത് ആശുപത്രിയുടെ സേവനങ്ങളെ ബാധിക്കുന്നു. ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായുള്ള വിവര ശേഖരണം നടക്കുന്നത് മൂലമാണ് ഇപ്പോൾ സമയം എടുക്കുന്നത്. പുതിയ ബ്ലോക്ക് പദ്ധതി ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. അതിൽ ബാക്കിയുള്ള 15 കോടി ഉപയോഗിച്ച് പഴയ കെട്ടിടം പൊളിച്ച് പുതിയ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചതായും പി പി ദിവ്യ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version