എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ വധശ്രമ കേസില്‍ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേസില്‍ മൊഴി രേഖപ്പെടുത്താനായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എത്താനാണ് നിര്‍ദേശം.മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസെടുത്തത്. വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയത്. തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ജെഎഫ്എംസി കോടതിയുെട ഉത്തരവിനെ തുടര്‍ന്നായിരുന്നു പൊലീസിൻറെ നടപടി.വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിന്റെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയും ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിമാനയാത്രാ വിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിട്ടുണ്ട്.