സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 15,000 പിന്നിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍. 12,391 പേര് തുര്‍ക്കിയിലും 2,992 പേര് സിറിയയിലുമാണ് കൊല്ലപ്പെട്ടത്. ആകെ മരണസംഖ്യ 15,383 ആയി ഉയര്‍ന്നതായി ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സന്ദര്‍ശിച്ച രജിപ് തയ്യിപ് എര്ദോഗാന് പറഞ്ഞു.
ദുരിതം ഗുരുതരമായി ബാധിച്ച 10 പ്രവിശ്യകളില്‍ വീടില്ലാത്തവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീട് നിര്‍മിച്ചുനല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.ലോകാരോഗ്യ സംഘടന തുര്‍ക്കിയിലേക്കും സിറിയയിലേക്കും മെഡിക്കല്‍ സപ്ലൈകളുമായി വിദഗ്ധ സംഘങ്ങളെയും പ്രത്യേക വിമാനങ്ങളും അയയ്ക്കുന്നുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. ഈജിപ്ത്, ഇറാഖ്, യുഎഇ ഉള്‍പ്പെടെയുള്ള നിരവധി അറബ് രാജ്യങ്ങളില്‍ നിന്നും പ്രധാന സഖ്യകക്ഷിയായ റഷ്യയില്‍ നിന്നും സിറിയന്‍ സര്‍ക്കാരിന് സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.