കണ്ണൂര്‍: ന്യുമോണിയ ബാധിച്ച് അത്യാസന്ന നിലയിലാവുകയും മരണത്തെ മുഖാമുഖം അഭിമുഖീകരിക്കുകയും ചെയ്ത 62 വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച കണ്ണൂർ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റൽ . എക്‌മോ എന്ന നൂതന സംവിധാനത്തിലൂടെയാണ് ജീവൻ രക്ഷിച്ചത്. ഉത്തര മലബാറില്‍ ആദ്യമായാണ് എക്‌മോ സംവിധാനം ഉപയോഗപ്പെടുത്തി രോഗിയുടെ ജീവന്‍ രക്ഷിക്കുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ എം ഡി ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് ഉള്‍പ്പെടെ പരാജയപ്പെടുന്ന ഘട്ടം വന്നപ്പോഴാണ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ എക്‌മോയുടെ സാധ്യതയെക്കുറിച്ച് രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചത്. തുടര്‍ന്ന് ബന്ധുക്കളുടെ കൂടി സമ്മതത്തോടെ അവസാന പരിശ്രമം എന്ന നിലയില്‍ ഐ സി യു വില്‍ വെച്ച് ഉത്തര മലബാറിലെ ആദ്യ എക്‌മോ നിര്‍വ്വഹിക്കുകയായിരുന്നു.
എക്‌സ്ട്രാ കോര്‍പ്പോറിയല്‍ മെംബ്രെയില്‍ ഓക്‌സിജനേഷന്‍ എന്ന എക്‌മോ സംവിധാനത്തിന്റെ സഹായത്തോടെ ന്യുമോണിയ ബാധിതനായ രോഗിയുടെ ഹൃദയത്തിനും ശ്വാസകോശത്തിനും പിന്തുണ നല്‍കി. രക്തത്തിലെ ഓക്‌സിജന്‍ ഉള്‍പ്പെടയുള്ളവയുടെ അളവ് മതിയായ മാത്രയില്‍ നിലനിര്‍ത്താന്‍ സാധിക്കുകയും ഒരു ആഴ്ചയോളം എക്‌മോയിലൂടെ ജീവന്‍ നിലനിര്‍ത്തുകയും ചെയ്തു. ഇതേ സമയം തന്നെ രോഗിയുടെ ശ്വാസകോശത്തിന്റെ ഗുരുതരമായ അവസ്ഥ അതിജീവിക്കുവാനുള്ള ചികിത്സ പുരോഗമിക്കുകയും ചെയ്തു.
ഒരാഴ്ച സമയം എക്‌മോ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലെത്തുകയും ചെയ്തു. തുടര്‍ന്ന് എക്‌മോയില്‍ നിന്ന് മാറ്റിയശേഷം അപൂര്‍വ്വ വൃക്കരോഗ ചികിത്സാ രീതിയായ സി ആര്‍ ആര്‍ ടി (Continuous Renal Replacement Therapy) യ്ക്കും അദ്ദേഹത്തെ വിധേയനാക്കി. അപൂര്‍വ്വമായ രണ്ട് ചികിത്സാ രീതികള്‍ സമന്വയിപ്പിക്കുവാന്‍ ആസ്റ്റര്‍ മിംസ് കണ്ണൂരിന് സാധിച്ചതോടെ ഇദ്ദേഹം അപകടാവസ്ഥയെ തരണം ചെയ്യുകയും ജീവിതത്തിലേക്ക് തിരികെ വരികയും ചെയ്തു.നിലവില്‍ ഇടയ്ക്ക് ആവശ്യമായി വരുന്ന ബൈപാപ്പിന്റെ സഹായം മാത്രമാണ് ഇദ്ദേഹത്തിന് ആവശ്യമായി വരുന്നുള്ളൂ.
കണ്ണൂരിന്റെയും ഉത്തര കേരളത്തിന്റെയും ആതുരസേവന മേഖലയില്‍ വന്‍ വഴിത്തിരിവിന് ഇത് കളമൊരുക്കുമെന്ന് ചികിത്സയ്ക്ക് നേതൃത്വം വഹിച്ച ഡോ. പ്രസാദ് സുരേന്ദ്രൻ (സീനിയര്‍ കണ്‍സല്‍ട്ടന്റ്, കാര്‍ഡിയോതൊറാസിക് സര്‍ജന്‍) പറഞ്ഞു. സീനിയർകൺസൽട്ടന്റ് കാർഡിയാക്ക് സർജൻ ഡോ. പ്രസാദ് സുരേന്ദ്രന്റെ നേതൃത്വത്തിൽ കാർഡിയാക്ക് അനസ്തറ്റിസ്റ്റ് ഡോ. ഗണേഷ് എം, ക്രിട്ടിക്കൽ കെയർ കൺസൽട്ടന്റ്മാരായ ഡോ. അമിത്ത് ശ്രീധരൻ, ഡോ. റിനോയ് ചന്ദ്രൻ, ഡോ. രാകേഷ് ബി, ഡോ. സാജിദ്, ഡോ സൂര്യ ഗോപാൽ, പെർഫ്യൂഷണിസ്റ് ആയ ജിനു ജോസഫ്, റെസ്പറേറ്ററി തെറാപ്പിസ്റ് എന്നിവർ ചേർന്നാണ് ഈ നൂതന ചികിത്സ വിജയകരമായി പൂർത്തീകരിച്ചത് .
ഡോ. ബിജോയ് ആന്റണി, ഡോ പ്രദീപ്, ഡോ സാരഗ്, എന്നിവർ വൃക്ക സംബന്ധമായ ചികിത്സക്ക് നേതൃത്വം നൽകി.ഈ നാല് വിഭാഗങ്ങളുടേയും സേവനവും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ നേതൃത്വവും ഉള്ളതുകൊണ്ട് മാത്രമാണ് എക്‌മോ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചത് എന്ന് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഇന്റന്‍സിവിസ്റ്റ് ഡോ. അമിത് ശ്രീധരന്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഡോ പ്രസാദ് സുരേന്ദ്രന്‍, ഡോ. സൂരജ് കെ എം, ഡോ അമിത്ത് ശ്രീധരൻ, ഡോ ഗണേഷ് എം, ഡോ. റിനോയ് ചന്ദ്രൻ, ജിനു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.