യുവതിയെ മർദ്ദിച്ചെന്ന പരാതിയിൽ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തു. എൽദോസ് കുന്നപ്പിളളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ച് കടന്ന് കളയൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോവളം പൊലീസാണ് എൽദോസിനെതിരെ കേസ് എടുത്തത്.
കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറും. പരാതി നല്‍കിയതിന് ശേഷം കാണാതായ യുവതിയെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.
തൂത്തുക്കുടി, മധുര, കന്യാകുമാരി എന്നീ സ്ഥലങ്ങളില്‍ യുവതി താമസിച്ചതായി പൊലീസ് അറിയിച്ചു. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍ പോയശേഷം യുവതിയെ കാണാനില്ലെന്ന സുഹൃത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
കോവളത്ത് വച്ച് എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചു എന്നാണ് യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി. തുടര്‍ന്ന് കമ്മീഷണര്‍ പരാതി കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ മാസം 14നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്ന ആലുവ സ്വദേശിയായ യുവതി എല്‍ദോസ് കുന്നപ്പള്ളിയുടെ ഒപ്പം കോവളത്ത് എത്തിയതായിരുന്നു.
അവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയും എല്‍ദോസ് യുവതിയെ മര്‍ദ്ദിച്ചു എന്നുമായിരുന്നു പരാതി. അധ്യാപിക കൂടിയാണ് യുവതി. സംഭവത്തില്‍ പ്രതികരിക്കാന്‍ എല്‍ദോസ് എംഎല്‍എയോ കോണ്‍ഗ്രസ് നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെ പരാതി പിന്‍വലിപ്പിക്കാന്‍ നീക്കം നടക്കുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.