സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി.
ഇടുക്കി, കാസർക്കോട് ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുൻസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കണ്ണൂരിലെ മൂന്ന് സീറ്റുകളും എൽഡിഎഫ് നിലനിർത്തി.മയ്യിൽ പഞ്ചായത്തിലെ വള്ളിയോട്ട് വാർഡിൽ സിപിഎം ജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഇ.പി രാജനാണ് ഇവിടെ ജയിച്ചത്. ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡ് എൽഡിഎഫ് വിജയത്തോടെ നിലനിർത്തി. പേരാവൂർ ഒന്നാം വാർഡ് മേൽ മുരിങ്ങോടിയിലും എൽഡിഎഫ് വിജയിച്ചു.