/
18 മിനിറ്റ് വായിച്ചു

’25 ദിവസത്തെ കാത്തിരിപ്പ്’;പരിയാരം മെഡിക്കൽ കോളജിലെ എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിച്ചു

പരിയാരം∙ 25 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ എല്ലാ ജീവനക്കാർക്കും ഏപ്രിൽ മാസത്തെ ശമ്പളം ലഭിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ കഴിഞ്ഞ മാസത്തെ ശമ്പളം മെഡിക്കൽ കോളജ് ജീവനക്കാരുടെ അക്കൗണ്ടിലെത്തി.ശമ്പളം നൽകാൻ ധനവകുപ്പ് അനുമതി നൽകിയതിനെ തുടർന്ന് മെഡിക്കൽ കോളജിലെ കരാർ ജീവനക്കാർ അടക്കമുള്ള എല്ലാ ജീവനക്കാർക്കും കോളജ് ഫണ്ടിൽ നിന്നു ശമ്പളം നൽകാൻ അനുമതി നൽകിയുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു നൽകിയിരുന്നു.എന്നാൽ ധനകാര്യ വകുപ്പിന്റെ ക്ലിയറൻസ് ലഭിക്കാൻ താമസം നേരിട്ടതോടെ ചൊവ്വാഴ്ച ജീവനക്കാർക്കു ശമ്പളം വിതരണം ചെയ്യാൻ കഴിഞ്ഞില്ല. ട്രഷറിയിൽ നിന്നു കോളജ് ഫണ്ടിലേക്ക് ഇന്നലെയാണ് തുക ലഭിച്ചത്. തുടർന്ന് കോളജ് ഫണ്ടിൽ നിന്നു ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഇന്നലെ വൈകിട്ടോടെ പണമെത്തിച്ചു.8 കോടി രൂപയാണ് ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം വിതരണം ചെയ്യാനാവശ്യമായ തുക.

അടുത്ത മാസം ശമ്പളം വൈകിയേക്കില്ല

രണ്ടു മാസത്തേക്കു കൂടി ബിംസ് സോഫ്റ്റ്‌വെയർ വഴി മെഡിക്കൽ കോളജ് ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ഉത്തരവാണ് ധന,ആരോഗ്യ വകുപ്പുകൾ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു നൽകിയത്. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതിനാൽ സ്പാർക് സംവിധാനം വഴി മാത്രമേ ജീവനക്കാർക്ക് ശമ്പളം നൽകാനാവൂ എന്ന ധനമന്ത്രാലയത്തിന്റെ ഉത്തരവാണ് കഴിഞ്ഞ മാസത്തെ ശമ്പളം ഒരു മാസത്തോളം വൈകാൻ ഇടയാക്കിയത്.എന്നാൽ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്ന നടപടി പൂർത്തീകരിച്ചിട്ടില്ലാത്തതിനാൽ എംപ്ലോയീ നമ്പർ ലഭിച്ചിട്ടില്ലാത്തതിനാൽ ഇതു പ്രായോഗികമല്ല. അടുത്ത മാസം കൂടി ബിംസ് സോഫ്റ്റ്‌വെയർ വഴി ആശുപത്രി ഫണ്ട് ഉപയോഗിച്ച് ശമ്പളം നൽകാമെന്ന ഉത്തരവു നിലനിൽക്കുന്നതിനാൽ മേയ് മാസത്തെ ശമ്പളം വൈകിയേക്കില്ലെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ കോളജ് ജീവനക്കാർ.

വരും മാസങ്ങളിൽ എന്തുചെയ്യും?

എല്ലാ ജീവനക്കാരെയും സർക്കാർ ജീവനക്കാരാക്കി മാറ്റുന്ന നടപടിക്രമം പൂർത്തിയാകാൻ കാലതാമസമെടുക്കുമെന്നതിനാൽ ജൂൺ മുതലുള്ള ശമ്പള വിതരണത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സർട്ടിഫിക്കറ്റ് പരിശോധന, അഭിമുഖം എന്നിവ പൂർത്തിയാക്കിയെങ്കിലും പരാതി ഉയർന്നതിനെത്തുടർന്ന് ഇവ തടഞ്ഞുവച്ചിരിക്കുകയാണ്. എല്ലാ ജീവനക്കാരെയും സർക്കാർ ജീവനക്കാരാക്കി മാറ്റാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്ന് മന്ത്രി വീണാ ജോർജ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതേസമയം കുറഞ്ഞത് ഒരു വർഷത്തേക്കു കൂടി പഴയ സംവിധാനത്തിലൂടെ കോളജ് ഫണ്ട് ഉപയോഗിച്ച് ശമ്പളം നൽകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് അധികൃതർ ഇന്നലെ ധന, ആരോഗ്യ വകുപ്പുകൾക്ക് നിവേദനം അയച്ചു. സർക്കാർ ഏറ്റെടുത്തതിനു ശേഷം എല്ലാ മാസവും കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ ആശുപത്രിയിലെ രണ്ടായിരത്തോളം വരുന്ന ജീവനക്കാർ പ്രതിസന്ധിയിലാണ്. ശമ്പളം കൃത്യമായി ലഭിക്കാതായതോടെ ഡോക്ടർമാർ അടക്കം ആശുപത്രിയിൽ നിന്നു രാജിവച്ചു പോകുന്നത് ചികിത്സാ സംവിധാനത്തെ തന്നെ ബാധിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version