11 മിനിറ്റ് വായിച്ചു

ഇ.പി.എഫ്​: സുപ്രീംകോടതി വിധി നടപ്പാക്കാത്തത്​ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും -എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഇ.പി.എഫ് അധികൃതര്‍ വരുത്തുന്ന കാലവിളംബം തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചൂണ്ടിക്കാട്ടി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെയും സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ കേരളയുടെയും ജില്ലാഘടകങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച ‘ഇ.പി.എഫ്. സുപ്രീംകോടതി വിധി; നിര്‍വ്വഹണവും പ്രശ്നങ്ങളും’ എന്ന സെമിനാര്‍ പ്രസ്ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമചന്ദ്രന്‍.
ആര്‍.പി.ഗുപ്ത കേസിലെ വിധിപ്രകാരം, 2004 മുതല്‍ 2014 വരെ വിരമിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ നല്‍കാന്‍ രണ്ട് മാസവും സുനില്‍കുമാര്‍ കേസിലെ വിധിപ്രകാരം, അതിന് ശേഷം വിരമിച്ചവര്‍ക്ക് നാല് മാസവുമാണ് സുപ്രീംകോടതി സമയം അനുവദിച്ചിട്ടുള്ളത്. ഈ രണ്ട് വിധികളും ശരിവച്ചുകൊണ്ടാണ് ഹയര്‍ ഓപ്ഷന്‍ നല്‍കാന്‍ കോടതി സമയപരിധി നിര്‍ദ്ദേശിച്ചത്. എന്നാല്‍ വിധി വന്ന് ഒരു മാസത്തോളമായെങ്കിലും അതിനുള്ള ഒരു നടപടിയും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. ഭൂരിപക്ഷം തൊഴിലാളികളെയും ഈ കാലവിളംബം പ്രതികൂലമായി ബാധിക്കും. വിധി സംബന്ധിച്ച്, ദേശവ്യാപകമായി നടക്കുന്ന ചര്‍ച്ചകള്‍ പലവിധ ആശയക്കുഴപ്പങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതില്‍ ഇ.പി.എഫ് അധികൃതരുടെ നീണ്ട മൗനം ആശങ്ക ഉളവാക്കുന്നതാണ്. ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കാന്‍ വീണ്ടും കോടതിയെ സമീപിക്കേണ്ട അവസ്ഥ ഉണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
സെമിനാറില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ. രാജന്‍ബാബു മോഡറേറ്ററായി. പി.എഫ്. റീജിയണല്‍ കമ്മിഷണര്‍ പി. പ്രണവ്, ഇ.പി.എഫ്.പെന്‍ഷണേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. ഷാനവാസ്, കെ.എസ്.എഫ്.ഇ. റിട്ട.സീനിയര്‍ മാനേജര്‍ ജി. അനി എന്നിവര്‍ സംസാരിച്ചു. പ്രസ്ക്ലബ് പ്രസിഡന്‍റ് ജി. ബിജു സ്വാഗതവും സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാപ്രസിഡന്‍റ് എസ്. അശോക് കുമാര്‍ നന്ദിയും പറഞ്ഞു.
സെമിനാറില്‍ പങ്കെടുത്ത പെന്‍ഷന്‍കാരുടെ സംശയങ്ങള്‍ക്ക് എം.പിയും പി.എഫ് റീജിയണല്‍ കമ്മിഷണറും മറുപടി നല്‍കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version