എറണാകുളത്തും പെട്രോള്‍ പമ്പില്‍ മോഷണം. പറവൂരിലെ രംഭ ഫ്യൂവല്‍സ് പമ്പില്‍ നിന്നാണ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മോഷണം. പെട്രോള്‍ പമ്പിന്റെ ഓഫീസിന്റെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. ഓഫീസിലെ മൊബൈല്‍ ഫോണും കവര്‍ന്നു. സംഭവത്തില്‍ പൊലീസ് പരിശോധന തുടരുകയാണ്. കോഴിക്കോട് കോട്ടൂളി പെട്രോള്‍ പമ്പിലും ഇന്നലെ കവര്‍ച്ച നടന്നു. അര്‍ധരാത്രിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നു. 50,000 രൂപ കവര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരന് മുഹമ്മദ് റാഫിക്ക് പരിക്കേറ്റു. അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് എസിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം.സംഘത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. കറുത്ത മുഖം മൂടിയിട്ട ഒരാളാണ് അര്‍ധരാത്രിയില്‍ പെട്രോള്‍ പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് കയറി. തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മില്‍ കയ്യാങ്കളിയുണ്ടായി. ജീവനക്കാരനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യത്തില്‍ കാണാം. ഒടുവില്‍ ജീവനക്കാരന്റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാള്‍ ഓഫീസാകെ പരിശോധിക്കുകയാണ്. ഇതിന് ശേഷം ഇയാള്‍ പമ്പില്‍ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.