മുൻ ഭാര്യയെ മർദ്ദിച്ച കേസിൽ അബുദാബി സ്വദേശിക്ക് 50,000 ദിർഹം പിഴ ശിക്ഷ. മർദ്ദനത്തിൽ പരുക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ പ്രതി ബാധ്യസ്ഥനാണെന്ന ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ മുൻ വിധി അബുദാബി സിവിൽ അപ്പീൽ കോടതി ശരിവച്ചു.
സ്ക്രൂഡ്രൈവർ കൊണ്ടുള്ള മർദ്ദനത്തിൽ യുവതിക്ക് പല്ലുകൾ നഷ്ടമായി. തനിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 300,000 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി തന്റെ മുൻ ഭർത്താവിനെതിരെ കേസ് നൽകിയിരുന്നു. വിവാഹിതരായിരിക്കെ തന്നെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും അടിച്ചുവെന്നും പെട്ടിയിൽ അടച്ചെന്നും യുവതി ആരോപിച്ചു.
യുവതിക്ക് നഷ്ടപരിഹാരമായി 50,000 ദിർഹം നൽകണമെന്ന് സിവിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാൽ ഈ വിധിക്കെതിരെ ഇരുവരും അപ്പീൽ കോടതിയെ സമീപിച്ചു. ക്രിമിനൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുൻ ഭാര്യക്ക് 16,000 ദിർഹം താൽക്കാലിക നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്ന് യുവാവ് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര തുക ചെറുതാണെന്നും ഇത് 300,000 ദിർഹമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി അപ്പീലിൽ കോടതിയെ സമീപിച്ചത്.