പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിന് തന്റെ പേരിൽ ട്രോൾ രൂപത്തിൽ അടിക്കുറിപ്പ് നൽകിയതിന് ഫേസ്ബുക്ക് പേജിനെതിരെ പരാതിയുടമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കിടിലൻ ട്രോൾസ് എന്ന ട്രോൾ പേജിനെതിരെ തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതിയുമായാണ് കെ സുരേന്ദ്രൻ രംഗത്തെത്തിയത്. വാരാണസിയിൽ നടന്ന നരേന്ദ്ര മോദിയുടെ വ്യാപകമായി പ്രചരിച്ച ചിത്രത്തിന് ന്യായീകരണമെന്നോണം നൽകിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് കെ സുരേന്ദ്രൻ പരാതി നൽകിയത്. തന്റെ അറിവോടയല്ലാത്ത പോസ്റ്റിനെ കുറിച്ച് സുഹൃത്തുക്കൾ ചോദിക്കുമ്പോഴാണ് ശ്രദ്ധയിൽ പെടുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ തന്റെ സ്ഥാനത്തെയും പാർട്ടിയെയും ഹിന്ദു സമുദായത്തെയും പൊതുവിടത്തിൽ നിന്ദിക്കുകായാണ് പോസ്റ്റിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഡി.ജി.പിക്ക് അയച്ച പരാതിയിൽ സുരേന്ദ്രൻ പറയുന്നു.
പ്രധാനമന്ത്രി പങ്കെടുത്ത ദിവ്യകാശി ഭവ്യകാശി പരിപാടിക്കിടെയുള്ള ചിത്രമാണ് ട്രോൾ പേജിൽ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന തരത്തിൽ വന്നത്. പ്രാർഥനക്കിടയിലും കാമറയിലേക്ക് നോക്കുന്ന ചിത്രമെന്ന തരത്തിൽ മോദിയുടെ പടം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ അതിനെ പ്രതിരോധിച്ച്, മോദിയുടെ ചിത്രത്തെ ന്യായീകരിക്കന്ന തരത്തിലുള്ള സുരേന്ദ്രന്റെ ഫസ്ബുക്ക് പോസ്റ്റും ഇതിനിടെ പ്രചരിക്കുകയായിരുന്നു.’ഭക്തിസാന്ദ്രമായ ഒരന്തരീക്ഷത്തിൽ ഏകാഗ്രമായ തന്റെ കർമ്മങ്ങൾക്ക് തടസ്സം നിൽക്കുന്ന ഫോട്ടോഗ്രാഫറെ ശാസനാ ഭാവത്തോടെ രൂക്ഷമായി നോക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രത്തെ പോലും പരിഹാസത്തിന് ഉപയോഗിക്കുന്ന നീചത്വത്തിന്റെ പേരാണ് മലയാളി’ എന്നായിരുന്നു വ്യാജ എഫ്.ബി പോസ്റ്റിൽ ഉണ്ടായിരുന്നത്.