മകന്റെ കാണാതായ സൈക്കിള്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് മോഷ്ടാവിനോട് അപേക്ഷിച്ചു കൊണ്ട് പോസ്റ്റർ പതിപ്പിച്ച് നിസഹായനായ ഒരു പിതാവ്. “എന്റെ മകന്‍ സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന ലേഡി ബേര്‍ഡ് സൈക്കിള്‍ ഇവിടെ നിന്നും ആരോ മനപൂര്‍വമോ അല്ലാതെയോ 19.3.2022ന് എടുത്ത് കൊണ്ടു പോയ വിവരം ഖേദപൂര്‍വം അറിയിക്കുന്നു. മകന്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്, അവന് ഇനി പുതിയതോ പഴയതോ ആയ സൈക്കിൾ വാങ്ങി നൽകുവാൻ ഒരു പിതാവ് എന്ന നിലയിൽ എനിക്ക് നിർവാഹമില്ല.അതിനാൽ അത് എടുത്തയാൾ ഇതു വായിക്കുവാനിടയായാൽ ഞങ്ങളുടെ സ്ഥിതി മനസ്സിലാക്കി ആ സൈക്കിൾ തിരിച്ചു തരണമെന്നു വിനീതമായി അപേക്ഷിക്കുന്നു. ദയ അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക .8606161369 നമുക്കെല്ലാവർക്കും എന്നും നന്മ വരട്ടെ… ദൈവം അനുഗ്രഹിക്കട്ടെ”.പോസ്റ്ററിലെ വരികളാണ് ഇത്. തൃശൂരിലെ ചേർപ്പ് എട്ടുമന ചിറക്കുഴിയിലെ പെയിന്റിങ് തൊഴിലാളി വലിയകത്ത് സൈഫുദീന്റെ മകന്റെ സൈക്കിളാണ് കരുവന്നൂർ രാജാ കമ്പനി ബസ് സ്റ്റോപ്പ് പരിസരത്ത് നിന്ന് ശനിയാഴ്ച കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന് ബന്ധു നൽകിയ പഴയ സൈക്കിളാണ് ഇത്.വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ബസ് സ്റ്റോപ് വരെ സൈക്കിൽ സഞ്ചരിച്ചാണ് പത്താം ക്ലാസുകാരനായ മകൻ സ്കൂളിൽ പോയിരുന്നത്. സൈക്കിൾ മോഷണം പോയതോടെ കുട്ടിയുടെ യാത്ര ബുദ്ധിമുട്ടിലായി. മകന്റെ സങ്കടം സൈഫുദീന് താങ്ങാനായില്ല. ഒടുവില്‍ കടലാസിൽ സങ്കടങ്ങൾ പകർത്തി സൈക്കിൾ മോഷണം പോയ സ്ഥലത്ത് ഒട്ടിച്ചു വച്ചു.തന്‍റെയും മകന്‍റെയും സങ്കടം മനസിലാക്കിയ മോഷ്ടാവ് സൈക്കിള്‍ തിരികെ നല്‍കുമെന്ന പ്രതീക്ഷയിലാണ് സൈഫുദീന്.