രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാണിത്. ഇപ്പോൾ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 25,587 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് 4,777 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച് ദേശീയ കോവിഡ് -19 രോഗമുക്തി നിരക്ക് 98.75% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,826 രോഗികൾ സുഖം പ്രാപിച്ചപ്പോൾ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,41,82,538 ആയി ഉയർന്നു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവുമാണ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി 220.66 കോടി ഡോസ് കോവിഡ് -19 വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്.