ശബരിമല: നിലയ്ക്കൽ അന്നദാന അഴിമതിയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടി. ശബരിമലയിലെ രണ്ട് മുൻ എക്സിക്യൂട്ടീവ് ഓഫീസർമാർക്കെതിരെയും ഒരു ജൂനിയർ സൂപ്രണ്ടിനുമെതിരെ നടപടി സ്വീകരിക്കാനാണ് ബോർഡ് യോഗം തീരുമാനിച്ചത്. നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശിനെ നേരത്തെ സസ്പെൻറ് ചെയ്തിരുന്നു.നിലയ്ക്കലിൽ അന്നദാന കരാറിൽ കോടികളുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. കരാറുകാരന് ബോർഡ് കൊടുക്കേണ്ടിയിരുന്നത് 30 ലക്ഷം രൂപയായിരുന്നു. എന്നാൽ കരാറുകാരനെ സ്വാധീനിച്ച് ഒന്നര കോടി എഴുതി എടുക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. കരാറുകാരൻ വഴങ്ങാതെ വന്നതോടെ മറ്റ് ചില സ്ഥാപനങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർ ചെക്കുകള്‍ മാറിയെടുത്തുവെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമലയിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ രാജേന്ദ്രപ്രസാദ്, സുധീഷ് കുമാര്‍ , ജൂനിയർ സൂപ്രണ്ട് വാസുദേവൻ നമ്പൂതിരി എന്നിവരെ പ്രതിചേർത്ത് വിജിലൻസ് കേസെടുത്തു.ഒന്നാം പ്രതിയായ ജയപ്രകാശിനെ സസ്പെൻറ് ചെയ്തു. മറ്റ് മൂന്നു ഉദ്യോഗസ്ഥർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലാത്തിനാലാണ് വകുപ്പ് തല നടപടി സ്വീകരിക്കാൻ ബോർഡ് തീരുമാനിച്ചത്.