/
11 മിനിറ്റ് വായിച്ചു

അടിമാലി മുക്കുപണ്ടം തട്ടിപ്പ്: സിനിമാ നടൻ അറസ്റ്റിൽ

മുക്കുപണ്ടം നൽകി അടിമാലിയിലെ സ്വർണ വ്യാപാരിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സിനിമാ നടൻ ഗോവയിലെ ആഡംബര കപ്പലിൽ വച്ച് പിടിയിലായി. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി സ്വദേശി സനീഷാണ് അറസ്റ്റിലായത്.തട്ടിപ്പിന് ശേഷം കേരളം വിട്ട സനീഷിനെ  വെള്ളത്തൂവല്‍ പൊലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. ഗോവയിലെ ആഡംബര കപ്പലിൽ ചൂതുകളിക്കിടെയാണ്  സനീഷ് പിടിയിലാവുന്നത്. പ്രേമം, സ്റ്റാന്റപ്പ് കോമഡി, ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങിയ സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്.

അടിമാലിയില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്വര്‍ണ്ണ വ്യാപാര സ്ഥാപനത്തിന്റെ നടത്തിപ്പുകാരെയായിരുന്നു പിടിയിലായ പ്രതി ഉള്‍പ്പെട്ട സംഘം കബളിപ്പിച്ചത്.കേസിലെ ഒന്നാംപ്രതി അടിമാലി മുനിത്തണ്ട് അമ്പാട്ടുകുടി ജിബി കുര്യാക്കോസ്(41) നെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജിബിയാണ് കേസിലെ മുഖ്യപ്രതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു.

സനീഷ് ഗോവയിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇവിടെ എത്തിയത്. ആഡംബര കപ്പലിൽ വേഷം മാറി കയറിയ പൊലീസ് സനീഷിനെ പരിചയം ഭാവിച്ച് കുടുക്കുകയായിരുന്നു. പെരിന്തൽമണ്ണ, റാന്നി, കുന്നത്തുനാട്, പെരുമ്പാവൂർ, ആലുവ ഈസ്റ്റ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ എല്ലാം ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.

കോടതി ജാമ്യം നിഷേധിച്ച  ഒന്നാം പ്രതി ജിബിക്കും സംസ്ഥാനത്ത് പല കേസുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. പിടിയിലാകാനുള്ള നൗഷാദും നിരവധി കേസുകളിൽ ഉൾപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. സനീഷിനെ ഇന്നലെ ആനച്ചാൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം  ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജില്ലാ പൊലീസ് മേധാവി ബി യു കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം സജി എൻ പോൾ, എഎസ്ഐ കെ എസ് സിബ്,  രാജേഷ് വി നായർ, എസ് സിപി ഒ. ജോബിൻ ജെയിംസ് എന്നിവർ അടങ്ങുന്ന സംഘമാണ് ഗോവയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version