സ്കൂളുകളിൽ വാർഷിക പരീക്ഷ മാർച്ച് 1 മുതൽ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഠിക്കാനായി കുട്ടികളുടെ മനസിനെ പ്രോത്സാഹിപ്പിക്കാനാണ് പരീക്ഷ നടത്തുന്നത് കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടുളള കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിച്ച് ഉത്തരവ് ഇറക്കും. അതിനുശേഷം കമ്മിറ്റി കൂടി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ലോക്ഡൗണിന് ശേഷം സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ 90 ശതമാനം വിദ്യാർത്ഥികളും എത്തി കഴിഞ്ഞു. സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. റിവിഷൻ ക്ലാസുകൾ നടക്കുകയാണ്. പല സ്കൂളുകളിലും അധികസമയം ക്ലാസ്സുകൾ നടത്തുന്നുണ്ട്. പാഠഭാഗം പൂർത്തീകരിക്കുന്നതിനും, പരീക്ഷാ നടത്തിപ്പിനുമായി ടൈം ടേബിൾ പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകൾ തുറന്നതോടെ വിവിധയിടങ്ങളിൽ ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുള്ള സംഘർഷമുണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ ഗതാഗത സൗകര്യ പ്രശ്നങ്ങളും വിദ്യാർത്ഥികൾ നേരിടുന്നുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള പരിശ്രമത്തിലാണ്. കെഎസ്ആർടിസിയും പ്രൈവറ്റ് ബസ് ഉടമകളും സഹകരിക്കുന്നുണ്ട്. ഒരുപാട് കുട്ടികൾ ഒരുമിച്ചു വരുമ്പോഴുണ്ടാകുന്ന സാധാരണനിലയിലെ ബുദ്ധിമുട്ടാണ് ഇപ്പോഴുളളതെന്നും മന്ത്രി വ്യക്തമാക്കി.