///
12 മിനിറ്റ് വായിച്ചു

108ആംബുലൻസ് ഡ്രൈവിങ് സീറ്റിലേക്ക് ദീപമോൾ എത്തുന്നു;സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവര്‍

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8 രാവിലെ 10.45ന് സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിന്റെ മുന്‍വശത്ത് വച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും.യാത്രകളെ പ്രണയിക്കുന്ന ദീപമോൾക്ക് അത് തന്നെയാണ് ഈ മേഖലയിലേക്ക് വരാൻ പ്രചോദനമായത്. 2008ല്‍ ആണ് ദീപമോൾ ഡ്രൈവിങ് ലൈസന്‍സ് എടുത്തത്. 2009ല്‍ ദീപമോള്‍ ഹെവി ലൈസന്‍സും കരസ്ഥമാക്കി. ഭര്‍ത്താവിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഡ്രൈവിങ് മേഖല തുടര്‍ന്ന് ഉപജീവന മാര്‍ഗമാക്കാന്‍ ദീപമോള്‍ തീരുമാനിച്ചു. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായും, ടിപ്പര്‍ ലോറി ഡ്രൈവറായും, ടാക്‌സി ഡ്രൈവറായുമൊക്കെ ദീപമോള്‍ ജോലി ചെയ്തു.കാലങ്ങളായുള്ള കോട്ടയം ലഡാക് ബൈക്ക് യാത്ര എന്ന മോഹവും ദീപമോള്‍ സഫലീകരിച്ചു .16 ദിവസം കൊണ്ടാണ് ദീപമോള്‍ കോട്ടയത്ത് നിന്ന് ലഡാക് വരെ തന്റെ ബൈക്കില്‍ സഞ്ചരിച്ച് എത്തിയത്. കുന്നംകുളത്ത് നടന്ന ഓഫ് റോഡ് ജീപ്പ് മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഡ്രൈവിങ് ടെസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളും പരിശീലനവും പൂര്‍ത്തിയാക്കിയാണ് ദീപമോള്‍ വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് പദ്ധതിയുടെ ഡ്രൈവിങ് സീറ്റിലേക്ക് എത്തുന്നത്.സ്ത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങാതെ നമുക്ക് അറിയാവുന്ന തൊഴില്‍ മാന്യമായി ചെയ്യാൻ മുന്നോട്ട് വരണമെന്നാണ് ദീപമോൾക്ക് പറ‌യാനുള്ളത്. ഏത് തൊഴിലും ചെയ്യാനുള്ള മനോധൈര്യം സ്ത്രീകള്‍ക്ക് ഉണ്ടാകണം. മറ്റാരെയും ആശ്രയിക്കാതെ സ്വന്തം നിലയില്‍ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കണമെന്നും ദീപ മോള്‍ പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version