മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവിന് അളവ് നിശ്ചയിച്ചു ഭക്ഷ്യസുരക്ഷാ ഗുണ നിലവാര നിയന്ത്രണ അധികൃതര്‍. പച്ച മത്സ്യത്തിലും മത്സ്യ ഉല്‍പന്നങ്ങളിലും ഫോര്‍മാല്‍ഡിഹൈഡ് ചേര്‍ക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ നടപടി.
ഫോര്‍മാല്‍ഡിഹൈഡിന്റെ നേര്‍പ്പിച്ച രൂപമായ ഫോര്‍മാലിന്‍ ചേര്‍ക്കാന്‍ നിയമപരമായി അനുമതിയില്ല. എന്നാല്‍ മീനില്‍ സ്വഭാവികമായി ഫോര്‍മാല്‍ഡിഹൈഡ് രൂപപ്പെടുന്നുണ്ട്. എന്നാലിത് ഒരു പരിധിയില്‍ കൂടുതല്‍ ഉണ്ടാകില്ല. സ്വാഭാവികമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ അത് മീന്‍ കേടാകാതിരിക്കാന്‍ കൃത്രിമമായി ചേര്‍ത്തതാണെന്ന് വ്യക്തമാകും.
ഫോര്‍മാലിന്റെ സാന്നിധ്യത്തിന് വിവിധ ജലാശയങ്ങളിലെ മീനുകള്‍ക്ക് പ്രത്യേക അളവ് നിശ്ചയിച്ചിട്ടുണ്ട്. പരിശോധനയില്‍ ഇത് പാലിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. കിലോയ്ക്ക് നാലു മില്ലിഗ്രാമാണ് കടല്‍മീനുകള്‍ക്കും ശുദ്ധജലമത്സ്യങ്ങള്‍ക്കും അനുവദിച്ചിരിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് പരിധി.
വിപണിയിലെ പ്രധാന മത്സ്യങ്ങളെല്ലാം ഇതില്‍പെടും. ഇതില്‍പെടാത്ത മത്സ്യങ്ങള്‍ അടുത്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കിലോയ്ക്ക് എട്ട് മില്ലിഗ്രാം ഫോര്‍മാല്‍ഡിഹൈഡ് പരമാവധി ആകാമെന്നും നിശ്ചയിച്ചിട്ടുണ്ട്. മത്സ്യ ഉല്‍പന്നങ്ങളില്‍ ഒരു മില്ലിഗ്രാമിനെക്കാള്‍ കൂടിയ സാന്നിധ്യം ഉണ്ടാകരുതെന്നും അതോറിറ്റി നിര്‍ദേശിച്ചു.
ഫൊര്‍മാല്‍ഡിഹൈഡ് എന്ന രാസ വസ്തുവില്‍ 35 മുതല്‍ 40 ശതമാനം വെള്ള ചേര്‍ത്ത ലായനിയെയാണ് ഫോര്‍മാലിന്‍ എന്ന് വിളിക്കുന്നത്. അണുനാശിനിയായ ഈ രാസവസ്തു കോശകലകള്‍ക്ക് കട്ടികൂട്ടാന്‍ ഉപകരിക്കും. മൃതദേഹം കേടാകാതിരിക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു.
നേരത്തെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ വ്യാപക പരിശോധനയില്‍ ഫോര്‍മാലിന്‍ ഉപയോഗം കണ്ടെത്തുകയും ചെയ്തു. ഉപയോക്താക്കള്‍ക്കു തന്നെ പരിശോധന നടത്താനാകുന്ന സ്ട്രിപ്പും ലഭ്യമാക്കി. ഇതോടെ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം സംസ്ഥാനത്തെത്തുന്നത് കുറഞ്ഞു. സോഡിയം ബെന്‍സോയേറ്റ് ഉള്‍പ്പെടെയുള്ളവ അനുവദനീയമായ അളവിനപ്പുറം ഉപയോഗിച്ച് മീന്‍ എത്തിക്കുന്നതായും കണ്ടെത്തിയിരുന്നു.