കണ്ണൂര്‍: ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്ന മത്സ്യത്തൊഴിലാളി അറസ്റ്റില്‍. ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയില്‍ വീട്ടില്‍ ഷംസീറാണ് (47) കണ്ണൂര്‍ ടൗണ്‍ പൊലിസിന്റെ പിടിയിലായത്.ആംബുലന്‍സ് അടക്കമുള്ള ഏഴോളം വാഹനങ്ങളാണ് ഇയാള്‍ എറിഞ്ഞു തകര്‍ത്തത്.താഴെ ചൊവ്വ കിഴുത്തള്ളി ബൈപാസില്‍ വച്ചാണ് ഇയാള്‍ രണ്ട് ആംബുലന്‍സടക്കം ഏഴുവാഹനങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. കണ്ണൂര്‍ എ.കെ.ജി ആശുപത്രി, ചാല മിംസ് എന്നീ ആശുപത്രികളുടെ ആംബുലന്‍സുകള്‍ക്ക് കേടുപറ്റി.കഴിഞ്ഞ ദിവസം താഴെ ചൊവ്വ കിഴുത്തള്ളി ബൈപ്പാസില്‍ വെച്ചു താണ സ്വദേശിയായ തസ്ലിം സഞ്ചരിച്ച ഫോക്‌സ് വാഗണ്‍ കാറിന് നേരെയും കല്ലേറുണ്ടായി. കല്ലേറില്‍ അപകടങ്ങള്‍ ഒന്നും പറ്റിയിട്ടില്ലെങ്കിലും വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.ഇതേതുടര്‍ന്ന് തസ്ലിം കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചതില്‍ ഷംസീര്‍ സഞ്ചരിച്ച കെ.എല്‍13 എം 1676 ബൈക്ക് തിരിച്ചറിയുകയും വ്യാഴാഴ്‌ച്ച രാവിലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ ഷംസീറിനെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.തന്നെ ഓവര്‍ ടേക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കു നേരെ ബൈക്കിന്റെ മുന്‍പിലെ പൗച്ചില്‍ സൂക്ഷിക്കുന്ന കല്ലെടുത്താണ് ഇയാള്‍ എറിഞ്ഞിരുന്നത്. പ്രതി സാഡിസ്റ്റ് സ്വഭാവമുള്ളയാളാണെന്ന് പൊലീസ് പൊലീസ് പറഞ്ഞു. ഓടി കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുന്നത് വലിയ അപകടങ്ങള്‍ കാരണമാകുന്നതാണ്. ഏറു കൊള്ളുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ടു മറിയാനോ വൈദ്യുതി തൂണിലിടിക്കാനോ സാധ്യതയേറെയാണെന്ന് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി പറഞ്ഞു.ഇതു കാരണമാണ് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണ സംഘത്തില്‍ എഎസ്‌ഐമാരായ അജയന്‍, രഞ്ചിത്ത്, നാസര്‍ എന്നിവരുകയുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.