//
8 മിനിറ്റ് വായിച്ചു

ചുമയ്ക്കുളള മരുന്നിന് പകരം തറ വൃത്തിയാക്കുന്ന ലോഷൻ നൽകിയെന്ന് പരാതി; വിദ്യാർത്ഥി ആശുപത്രിയിൽ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഗുരുതര ചികിത്സാ പിഴവ് ആരോപണം.കൊല്ലം കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പനി ബാധിച്ച് എത്തിയ ഒൻപതാം ക്ലാസുകാരന് ചുമയുടെ മരുന്നിന് പകരം, തറ വൃത്തിയാക്കുന്ന ലോഷന്‍ നല്‍കിയെന്നാണ് പരാതി. മരുന്ന് കുടിച്ച ശേഷം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് കുറ്ററ സ്വദേശിയായ ആശിഖ് പിതാവ് അനിൽ കുമാറിനൊപ്പം പനിക്ക് ചികിത്സ തേടി എത്തിയത്. ചുമയ്ക്കുള്ള മരുന്നിന് കുപ്പി വേണമെന്ന് ഫാർമസിയിൽ നിന്ന് പറഞ്ഞപ്പോൾ അനിൽകുമാർ പുറത്തുനിന്ന് കുപ്പി കൊണ്ടുവന്ന് മരുന്നുവാങ്ങി. പിന്നീട് വീട്ടിലെത്തി മരുന്ന് കഴിച്ചപ്പോഴാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്. ഉടൻ തന്നെ സാമൂഹികആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ വിവരം അറിയിച്ചു. ചുമയുടെ മരുന്നായി തറ തുടയ്ക്കുന്ന ലോഷനാണ് ആശുപത്രിയിൽ നിന്ന് ലഭിച്ചതെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. മരുന്ന് കഴിച്ചപ്പോൾ വയറ്റിൽ നീറ്റലുണ്ടായെന്നാണ് പറയുന്നത്. സംഭവത്തിൽ ഡിഎംഒയ്ക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പുത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ആശുപത്രി ജീവനക്കാർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version