രാജാക്കാട് > കണ്ണിനും മനസ്സിനും കുളിർമയും നവ്യാനുഭൂതിയും പകർന്ന് ജലസമൃദ്ധമായ ശ്രീനാരായണപുരം ജലപാതം. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി മുഖംമിനുക്കിയ ശ്രീനാരായണപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കൂടുതൽ സഞ്ചാരികളെത്തുന്നു. പ്രകൃതി രമണീയമായ ഇവിടെ സൗകര്യങ്ങള്‍ ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം മുൻനിർത്തിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വികസന പദ്ധതികള്‍ നടപ്പാക്കിയത്. ഒരു കോടി എട്ടുലക്ഷം രൂപ ചെലവിൽ നടപ്പാത, പവലിയനുകള്‍, കാഫ്‌റ്റീരിയ, ശൗചാലയങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇവിടെയെത്താനുള്ള തേക്കിൻക്കാനം – പന്നിയാർ കുട്ടി റോഡിന് എം എം മണി എംഎൽഎ ഒരു കോടി രൂപ അനുവദിച്ച് പണി പൂർത്തീകരിച്ചു.
മൂന്നാര്‍ നല്ലതണ്ണി മലനിരകളില്‍ നിന്നും ഉത്ഭവിച്ചെത്തുന്ന മുതിരപ്പുഴയാര്‍ രാജാക്കാട്, വെള്ളത്തൂവല്‍ പഞ്ചായത്തുകളെ വകഞ്ഞുമാറ്റിയാണ് ഒഴുകുന്നത്. കടുത്ത വേനലിലും ജലസമൃദ്ധം. മഴക്കാലമായാൽ പുഴ നിറഞ്ഞ് കവിഞ്ഞുള്ള ഒഴുക്ക്. അടിമാലി റൂട്ടില്‍ തേക്കിന്‍കാനത്തിന് സമീപമാണിത് ജലപാതം സ്ഥിതിചെയ്യുന്നത്.
തട്ടുകളായുള്ള അഞ്ച് വെള്ളച്ചാട്ടങ്ങളാണ് ശ്രീനാരായണപുരത്തിന്റെ മുഖ്യ സവിശേഷത. നുരഞ്ഞ് പതഞ്ഞൊഴുകുന്ന പുഴയ്‌ക്ക് 30 മീറ്ററിലധികം വീതിയുമുണ്ട്. നിരന്ന പാറക്കെട്ടുകള്‍ പുഴയുടെ മധ്യഭാഗം വരെ നീണ്ടുകിടക്കുന്നത് സഞ്ചാരികൾക്ക് സുരക്ഷ നൽകുന്നുണ്ട്. 150 അടിയോളം താഴ്‌ചയുള്ള വെള്ളച്ചാട്ടമാണ് ഏറ്റവും വലുത്. ഉന്മേഷം പകരുന്ന ഈര്‍പ്പ സാന്നിധ്യവും സുഖകരമായ അന്തരീക്ഷവും ഇളംകാറ്റുമെല്ലാം സഞ്ചാരികളെ പിടിച്ചു നിര്‍ത്തുന്നു.
സാഹസികരുടെയും ഇഷ്‌ടകേന്ദ്രം
മുതിരപ്പുഴയാറിന് കുറുകെ ഉരുക്കുവടത്തിൽ തൂങ്ങി പറക്കാൻ സാഹസിക വിനോദ സഞ്ചാരികളെ ക്ഷണിച്ച് ശ്രീനാരായണപുരം വിനോദ സഞ്ചാര കേന്ദ്രം. വെള്ളച്ചാട്ടത്തിനും മുകളിലൂടെയുള്ള സിപ് ലൈൻ യാത്ര സാഹസിക സഞ്ചാരികൾക്ക് ആവേശം പകരും. ആറിന് കുറുകെ 225 മീറ്ററിലധികം നീളത്തിലാണ് സിപ് ലൈൻ. മറുകരയിലേക്കു പോകുന്നതിലും 30 അടി ഉയരത്തിലാണ് തിരികെയുള്ള യാത്ര. മനോഹരമായ ആകാശക്കാഴ്ച ആസ്വദിക്കാനാവും. മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികൾക്കും റിപ്പിൾ വാട്ടർ ഫാൾസ് ടൂറിസം സെന്റർ കാണാം.