ഭവനരഹിതര്‍ക്ക് അവകാശപ്പെട്ട 126 കോടി പൂഴ്ത്തിവെച്ച് സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകള്‍. ഇന്ദിരാഗാന്ധി ആവാസ് യോജന പ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതവും തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികവിഹിതവും ചേര്‍ന്ന തുകയാണ് ബാങ്കുകളില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. നാല് ലക്ഷം രൂപ മുതല്‍ നാല് കോടി വരെയാണ് ഓരോ ബ്ലോക്കിന്റേയും കൈവശം ഉപയോഗിക്കാതെ വെച്ചിരിക്കുന്നത്. തുക അടിയന്തരമായി ചെലവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ബ്ലോക്കുകള്‍ മുഖവിലക്കെടുത്തിട്ടില്ല.നേരത്തെയുണ്ടായിരുന്ന ഇന്ദിരാഗാന്ധി ആവാസ് യോജനയാണ് പിന്നീട് പ്രധാനമന്ത്രി ആവാസ് യോജനയായി കേന്ദ്രസര്‍ക്കാര്‍ രൂപമാറ്റം വരുത്തിയത്. ഇന്ദിരാഗാന്ധി ആവാസ് യോജന പ്രകാരം ലഭിച്ച പഴയ ഫണ്ട് പ്രധാനമന്ത്രി ആവാസ് യോജനയിലേക്ക് മാറ്റാന്‍ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ ഇതിനും തയാറായില്ല.ഗുണഭോക്താക്കളുടെ മേഖല തിരിച്ചുള്ള കണക്ക് ഇല്ലാത്തതാണ് തുക വിനിയോഗിക്കാന്‍ തടസമായി ബ്ലോക്ക് പഞ്ചായത്തുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജനറല്‍ എസ് സി, എസ് ടി കാറ്റഗറികള്‍ തിരിച്ചുള്ള കണക്കുകളില്ലാത്തതും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുമുന്നില്‍ വെല്ലുവിളിയാകുന്നുണ്ട്. വലിയ ഡെപ്പോസിറ്റുകള്‍ നിക്ഷേപിച്ചിരിക്കുന്നത് സൂചിപ്പിച്ച് ഉദ്യോഗസ്ഥര്‍ സംഭാവനകളും വ്യക്തിപരമായ നേട്ടങ്ങളും ഉള്‍പ്പെടെ ബാങ്കുകളില്‍ നിന്നും നേടിയെടുക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.