നിർബന്ധിത മതപരിവർത്തനം അപകടകരമാണെന്നും അത് രാജ്യത്തിന്റെ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സുപ്രീം കോടതി. ഈ വിഷയം കൈകാര്യം ചെയ്യാൻ ഗൗരവമുള്ളതും ആത്മാർത്ഥവുമായ ശ്രമങ്ങൾ നടത്തണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
“നിർബന്ധിത മതപരിവർത്തനം ഗുരുതരമായ ഒരു പ്രശ്നമാണ്. അത് രാജ്യത്തിന്റെ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും ബാധിച്ചേക്കാം. ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ ഉള്ള ഇത്തരം നിർബന്ധിത മതപരിവർത്തനം തടയാൻ കേന്ദ്രസർക്കാരും ബന്ധപ്പെട്ട അധികൃതരും കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം”, സുപ്രീംകോടതി നിരീക്ഷിച്ചു. ഈ വിഷയത്തിൽ എന്തു നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എം ആർ ഷാ, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.
നിർബന്ധിത മതപരിവർത്തനങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നിർബന്ധിത മതപരിവർത്തനം പൗരന്മാരെ സാരമായി ബാധിക്കുന്നുണ്ടെന്നും രാജ്യത്ത് മതപരിവർത്തനം നടക്കാത്ത ഒരു ജില്ല പോലും ഇല്ലെന്നും ഉപാധ്യായ തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭീഷണിപ്പെടുത്തിയും വഞ്ചിച്ചും, സമ്മാനങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നൽകിയും, വശീകരിച്ചും, മന്ത്രവാദം, അന്ധവിശ്വാസം എന്നിവ ഉപയോഗിച്ചും മതപരിവർത്തനം നടത്തുന്ന സംഭവങ്ങൾ മിക്കവാറും എല്ലാ ആഴ്ചയും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം ശക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.