സുപ്രീംകോടതിയുടെ വനാതിര്‍ത്തി നിര്‍ബന്ധിത പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തിലെ വനമേഖലയോട് ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങള്‍ക്ക് വലിയ ആഘാതമാണുണ്ടാക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളിലുള്‍പ്പെടെ വനാതിര്‍ത്തിയോട് ചേര്‍ന്ന് ജീവിക്കുന്ന ഒരുലക്ഷത്തിലധികം കുടുംബങ്ങളെയെങ്കിലും ഇത് പരോക്ഷമായി ബാധിക്കും. സംസ്ഥാന ഭൂവിസ്തൃതിയുടെ 29.65 ശതമാനം വനമേഖലയാണ്. വനാതിര്‍ത്തിയുടെ ഒരു കിലോ മീറ്റര്‍ നിര്‍ബന്ധമായും പരിസ്ഥിതിലോല മേഖലയാക്കുമ്പോള്‍ നാലുലക്ഷം ഏക്കറോളം പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്ന സ്ഥിതിയുണ്ടാകും.കേരളത്തില്‍ 16 വന്യജീവി സങ്കേതങ്ങളും അഞ്ച് ദേശീയ ഉദ്യാനങ്ങളും രണ്ട് കടുവ സങ്കേതങ്ങളുമാണുള്ളത്. ഇവയുടെ വിസ്തീര്‍ണം 3,211.3772 ചതുരശ്ര കിലോമീറ്ററാണ്.കടലുണ്ടി കമ്യൂണിറ്റി റിസര്‍വിന് 1.5 ചതുരശ്ര കിലോമീറ്ററും മംഗളവനം പക്ഷിസങ്കേതത്തിന് 0.0274 ചതുരശ്ര കിലോമീറ്ററും അതിര്‍ത്തിയുമുണ്ട്. പരിസ്ഥിതിലോല മേഖല നിര്‍ബന്ധമാക്കുമ്പോള്‍ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന മംഗളവനത്തിന്റെ അതിര്‍ത്തികളില്‍ പരിസ്ഥിതിലോല മേഖല പ്രാവര്‍ത്തികമാക്കുന്നത് പ്രയാസകരമാകും. ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ഒഴികെ 12 ജില്ലകളിലുമായി വലിയൊരു പ്രദേശത്ത് വീടുകള്‍ ഉള്‍പ്പെടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടി വരും.സംസ്ഥാനത്ത് ഗുരുതര പ്രശ്‌നങ്ങളാണ് ഉത്തരവ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും.നിയമോപദേശം തേടി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിരുന്നു . നീലഗിരി വനനശീകരണത്തിനെതിരെ പരേതനായ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മാത്രമെ തുടര്‍ന്നാല്‍ മതിയെന്നും വിധിയിൽ നിശ്കര്‍ഷിക്കുന്നുണ്ട്.നിലവില്‍ ഈ മേഖലകളിലുള്ള കെട്ടിടങ്ങളെയും നിര്‍മിതികളെയും സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ മൂന്ന് മാസത്തിനകം സമര്‍പ്പിക്കാനും ഉത്തരവുണ്ട്. വനംമേഖലകളില്‍ ഒരു കിലോ മീറ്റര്‍ പരിധി ബഫര്‍ സോണാണെങ്കില്‍ അതേപടി തുടരാനാണ് നിര്‍ദേശം. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായി അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഘനനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. സംരക്ഷിത മേഖലകള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. 60 പേജോളം വരുന്ന കോടതി വിധിയിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.