മുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐ എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് ,ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. 1987ൽ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായും 96 ൽ ധനമന്ത്രിയായും പ്രവർത്തിച്ചു. രണ്ട് തവണയും മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു.
പിയേഴ്സ്ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരൻകുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോൻ ജനിച്ചത്. പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ബിരുദവും കോഴിക്കോട് ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡും നേടിയ ശേഷം മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ 1955ൽ ഹെഡ് മാസ്റ്ററായി. 1977ൽ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ അധ്യാപക ജോലിയിൽനിന്ന് വളണ്ടറി റിട്ടയർമെന്റ് എടുത്ത് പിരിഞ്ഞു. അവിഭക്തകമ്യൂണിസ്റ്റ് പാർടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാർക്കാട്ടും പരിസരപ്രദേശങ്ങളിലും പാർടി കെട്ടിപ്പടുക്കാനും അധ്യാപക സംഘടനയെ ശക്തിപ്പെടുത്താനും പാർടി നിയോഗിച്ചു. അധ്യാപക സംഘടനയായിരുന്ന പിഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിടിഎഫ് വൈസ് പ്രസിഡന്റ്, കെപിടിയു ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന ശിവദാസമേനോൻ പാർടി പിളർന്നതിനെ തുടർന്ന് സിപിഐ എമ്മിൽ ഉറച്ചുനിന്നു. സിപിഐ എം മണ്ണാർക്കാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന് പാർടി ജില്ലാ കമ്മിറ്റിയംഗമായി. 1980ൽ ജില്ലാ സെക്രട്ടറിയുമായി. കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചു.
1961ൽ മണ്ണാർക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വന്തം അമ്മാവനെതിരെ കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയായാണ് അദ്ദേഹം തെരഞ്ഞെടുപ്പുരംഗത്തെത്തുന്നത്. വാശിയേറിയ മത്സരത്തിൽ ശിവദാസമേനോൻ വിജയിച്ചു. 1977ൽ അടിയന്തരാവസ്ഥക്കുശേഷം നടന്ന ലോക്‌സഭാതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എ സുന്നാസാഹിബിനെതിരെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1980ലും 84ലും ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല. 1987ൽ മലമ്പുഴ അസംബ്ലിമണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നായനാർ സർക്കാരിൽ വൈദ്യുതി ഗ്രാമവികസന വകുപ്പ് മന്ത്രിയായി. 1991ൽ വീണ്ടും മലമ്പുഴയിൽ ജനവിധി തേടിയപ്പോൾ ഭൂരിപക്ഷം വർധിച്ചു. 96 മുതൽ 2001വരെ ധനകാര്യ–എക്സൈസ് മന്ത്രിയായി. വള്ളുവനാടൻ -മാപ്പിള മലയാളവും സംസ്കൃതവും സംഗീതവും ഓക്സ്ഫോർഡ് ഇംഗ്ലീഷും കലർത്തിയുള്ള നർമം തുളുമ്പുന്ന അദ്ദേഹത്തിന്റെ പ്രസംഗം പ്രസിദ്ധമാണ്.
പാർടി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ തുടർന്ന് മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടേക്ക് താമസംമാറ്റി. പാലക്കാട് തൊറപ്പാളയത്ത് ചെറിയ വീട് വാങ്ങി. ഈ വീടിന് നേരെ ആർഎസ്എസുകാർ ആക്രമണം നടത്തിയിട്ടുണ്ട്. മുത്തങ്ങാ സമരത്തിൽ ആദിവാസികൾക്കെതിരെയുള്ള സർക്കാർ നടപടിക്കെതിരെ പാലക്കാട് എസ്‌പി ഓഫീസിലേക്ക് സിപിഐ എം നടത്തിയ മാർച്ചിൽ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ടു മർദിച്ചു. തല തല്ലിപ്പൊളിച്ചു. കാൽമുട്ടുകൾക്കും ക്ഷതമേറ്റു. ശിവദാസമേനോനെ പൊതിഞ്ഞുകിടന്നാണ് സഖാക്കൾ മർദനത്തിൽ നിന്ന് രക്ഷിച്ചത്. അടിയേറ്റുവീണ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പൊലീസ് തയ്യാറായില്ല. കടലവിൽപ്പനക്കാരന്റെ ഉന്തുവണ്ടിയിലാണ് പാർടി പ്രവർത്തകർ അന്ന് ആശുപത്രിയിലെത്തിച്ചത്.
മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കൾ: ലക്ഷ്മീദേവി, കല്യാണി. മരുമക്കൾ: അഡ്വ. ശ്രീധരൻ, സി കെ കരുണാകരൻ. സഹോദരൻ: പരേതനായ കുമാരമേനോൻ.