സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ പേരിൽ ആരംഭിച്ച ഫൗണ്ടേഷനെ ചൊല്ലി പാർട്ടിക്കുളളിൽ അതൃപ്തി. തിരുവനന്തപുരം ആസ്ഥാനമായി തുടങ്ങിയ ഫൗണ്ടേഷന്റെ പേരിലാണ് ചർച്ചകൾ നടക്കുന്നത്. വ്യക്തിയാരാധനയുടെ പേരിൽ ഇത്തരമൊരു സംഘടന രൂപവത്കരിച്ചത് ശരിയല്ലെന്നാണ് പ്രവർത്തകരിൽ നിന്നും ഉയരുന്ന പ്രധാന വിമർശനം. തെക്കൻ ജില്ലകളിലെ മണ്ഡലം സമ്മേളനങ്ങൾക്കിടെയാണ് യുവനേതാക്കൾ വിഷയം ഉന്നയിച്ചത്.കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഒരു കുട്ടിയെ ആദരിക്കുന്ന ചടങ്ങിലാണ് പി ആർ ഫൗണ്ടേഷൻ എന്ന പേര് പാർട്ടി പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ഫൗണ്ടേഷൻ പന്ന്യൻ രവീന്ദ്രന്റെ പേരിലുളളതാണെന്ന് പിന്നീടാണ് പലർക്കും മനസിലായത്. അതേസമയം സൗഹൃദക്കൂട്ടായ്മ മാത്രമാണിതെന്നും ധനപരമായ ഏർപ്പാടുകൾ ഒന്നുമില്ലെന്നും പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു. യുവാക്കളായ സുഹൃത്തുക്കൾ ചേർന്നാണ് ഇതുണ്ടാക്കിയത്. താൻ രൂപവത്കരിച്ചതല്ലെന്നും പന്ന്യൻ പറഞ്ഞു. വ്യക്തികേന്ദ്രീകൃത മുദ്രാവാക്യങ്ങൾ വിളിക്കുന്നതുപോലും എതിർക്കുന്ന പാർട്ടിക്കുള്ളിൽ ഇത്തരം രീതി തുടരുന്നത് ശരിയല്ലെന്നും, തെറ്റായ കീഴ്വഴക്കമാണ് ഇതെന്നും മണ്ഡലം സമ്മേളനങ്ങൾക്കിടെ വിമർശനങ്ങൾ ഉയർന്നു.എന്നാൽ വിഷയത്തിൽ ഇതുവരെ സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല.